കോട്ടയം: എം.സി റോഡിൽ കോട്ടയം കുമാരനല്ലൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത് സ്വകാര്യ ബസിന്റെ അമിത വേഗത്തെ തുടർന്ന്. അമിത വേഗത്തിലെത്തി ഓവർ ടേക്ക് ചെയ്യുന്നതിനിടെയാണ് സ്വകാര്യ ബസ് കാറിൽ ഇടിച്ചു കയറിയത്. കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ഡ്രൈവറുടെ വശമാണ് പൂർണമായും തകർന്നത്. അപകടത്തിൽ പുനലൂർ സ്വദേശിയായ അബ്ദുൾ ഖാദൻ (33) നെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനുള്ളിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
ഇന്നു രാവിലെ 08.45 ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം. പുനലൂരിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കു വരികയായിരുന്നു കാറിൽ സഞ്ചരിച്ച കുടുംബം. ഇവർ സഞ്ചരിച്ച കാറിൽ എതിർദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ വൈക്കം – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മാധവ് ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശം ഏതാണ്ട് പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. നാട്ടുകാർ ചേർന്ന് ഓട്ടോറിക്ഷ വിളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ കുമാരനല്ലൂർ ഭാഗത്ത് വൻ ഗതാഗതക്കുരുക്കും ഉണ്ടായിട്ടുണ്ട്. അപകടവിവരം അറിഞ്ഞ് കൺട്രോൾ റൂം പൊലീസ് സംഘവും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.