കോട്ടയം: ട്രെയിനിനുള്ളിൽ നിന്നും 1.25 ലക്ഷം രൂപ വില വരുന്ന ഐ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയെ റെയിൽവേ പൊലീസ് സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ഭരത്പൂർ സ്വദേശി മഹർ അലി എസ്.കെ (34)യെയാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്ന് രാവിലെ പ്രതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് റെയിൽവേ പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്തത്. യാത്ര രേഖകലില്ലാതെയാണ് ഇയാൾ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കടന്നത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 1.25 ലക്ഷം രൂപ വിലയുള്ള ഐ ഫോൺ 15 പ്രോ മാക്സ് കണ്ടെത്തുകയായിരുന്നു. ഇയാളോട് ഫോണിന്റെ ലോക്കഴിക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇതിന് സാധിച്ചില്ല. കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണം സംബന്ധിച്ചുള്ള കൂടുതൽ വിവരം പുറത്ത് വന്നത്.
കഴിഞ്ഞ 14 ന് നിസാമുദീൻ ട്രെയിനിന്റെ സ്ലീപ്പർ കോച്ചിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ പക്കൽ നിന്നും കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ച് മോഷ്ടിച്ചതാണ് മൊബൈൽ ഫോൺ എന്നു പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൊബൈൽ ഫോണിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന ആരംഭിച്ചു. ഗ്രേഡ് എസ്.ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുജീബ്, സിവിൽ പൊലീസ് ഓഫിസർ രാഹുൽ, ശരത് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.