കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. മൂന്നു ഗ്രാം ബ്രൗൺഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ നജീമുൾ ഇസ്ലാമി(32)നെയാണ് കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംക്രാന്തി നീലിമംഗലം പ്രദേശം കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ വലിയ തോതിൽ ലഹരി മരുന്ന് വിൽക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളോളമായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് നാലു മാസത്തിൽ ഒരിക്കൽ ബംഗാളിൽ പോയ മടങ്ങിയെത്തുന്ന പ്രതിയെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.