ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന കാലത്തിന് വിട. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള എല്ലാ ഓട്ടോ സ്റ്റാൻഡിലും കർശന നിയന്ത്രണങ്ങളുമായി വെസ്റ്റ് പൊലീസ്. മാധ്യമപ്രവർത്തകന്റെ കയ്യിൽ നിന്നും ഓട്ടോ ഡ്രൈവർ അമിത കൂലി വാങ്ങിയതും, നിരന്തരം കോട്ടയം നഗരത്തിൽ ഓട്ടോറിക്ഷകയിൽ കറങ്ങി നടക്കുന്ന ഗുണ്ടകളുടെ ആക്രമണം വർദ്ധിക്കുകയും ചെയ്തതായി ജാഗ്രതാ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് കർശന നടപടിയുമായി പൊലീസ് രംഗത്തിറങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെയും, എസ്.ഐ ടി.ശ്രീജിത്തിന്റെയും നേതൃത്വത്തിൽ കോട്ടയം നഗരത്തിലെ മുഴുവൻ ഓട്ടോ സ്റ്റാൻഡുകളിലെ ഡ്രൈവർമാരുടെ പ്രതിനിധികളുടെയും യൂണിയൻ നേതാക്കളുടെയും യോഗത്തിലാണ് നിർണ്ണായക തീരുമാനം ഉണ്ടായത്. തങ്ങൾക്കെതിരായി ഉയരുന്ന ആരോപണങ്ങൾ ഇല്ലാതാക്കാനും, ഇമേജ് വർദ്ധിപ്പിക്കുന്നതിനുമായി ഓട്ടോഡ്രൈവർമാർ പൊലീസുമായി സഹകരിക്കാനും തീരുമാനം ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ കോട്ടയം നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകളിൽ ഇന്ന് രാത്രി മുതൽ നടപ്പിലാകും.
തീരുമാനങ്ങൾ ഇങ്ങനെ
- ടൗൺ പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിൽ നിന്നും ഓട്ടം എടുക്കാൻ അനുവദിക്കില്ല. ടൗൺ പെർമിറ്റില്ലാതെ വരുന്ന ഓട്ടോറിക്ഷകൾ യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ അതത് പ്രദേശത്തേയ്ക്ക് മടങ്ങണം.
- എല്ലാ ഓട്ടോ സ്റ്റാൻഡിലും രജിസ്റ്റർ വയ്ക്കും. എല്ലാ ദിവസവും ഓടാനെത്തുന്ന ഓട്ടോറിക്ഷകളുടെ നമ്പരും, ഡ്രൈവറുടെ പേരും ഫോൺ നമ്പരും ഈ രജിസ്റ്ററിൽ ഉൾപ്പെടുത്തും. ഇത് വഴി ക്രിമിനലുകളായ ഓട്ടോഡ്രൈവർമാരെയും, അമിത കൂലി വാങ്ങുന്നവരെയും തിരിച്ചറിയാൻ സാധിക്കും.
- അമിതകൂലി വാങ്ങുന്നവരെയും, ക്രിമിനൽക്കേസുകളിൽ പ്രതികളായ ഓട്ടോ ഡ്രൈവർമാരെയും ഓരോ സ്റ്റാൻഡിലെയും ഓട്ടോ ഡ്രൈവർമാർ തന്നെ തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയും ചെയ്യും.
- കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിൽ രാത്രി ഓടുന്ന ഓട്ടോ ഡ്രൈവർമാർക്കായി രജിസ്റ്റർ സ്ഥാപിക്കും. രാത്രി ഓടാനെത്തുന്ന ഓട്ടോഡ്രൈവർമാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പൊലീസ് എയ്ഡ്പോസ്റ്റിലെത്തി, ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങിയ ശേഷം മാത്രം സർവീസ് നടത്തുക. രാത്രിയിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാർ കയ്യിൽ ഒരു ബുക്ക് വയ്ക്കുകയും, ഇതിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങുകയും ചെയ്യുക.