പാമ്പാടി : ഭാവി എന്താകണമെന്ന് കുട്ടികൾ സ്വന്തം താല്പര്യത്തിന്റെ മാത്രം അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. മാതാപിതാക്കളുടെയും അധ്യാപകരുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുകയും വിലയിരുത്തുകയും വേണം. എന്നാൽ, തങ്ങളുടെ ഭാവി എന്താകണമെന്ന കാര്യത്തിൽ സ്വന്തം താല്പര്യങ്ങളാകണം മാനദണ്ഡമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രത ന്യൂസ് ലൈവും പാമ്പാടി പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്തും ചേർന്ന് പാമ്പാടി പഞ്ചായത്തിലെ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷാ വിജയികളായ കുട്ടികൾക്കായി സംഘടിപ്പിച്ച പുരസ്കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് കിട്ടുന്ന അംഗീകാരങ്ങൾ അവർക്ക് മാത്രമുള്ളതല്ല. അവരെ വളർത്തി വലുതാക്കിയ, മികച്ച രീതിയിൽ മുന്നോട്ട് നയിച്ച മാതാപിതാക്കൾക്ക് കൂടി അർഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വിദ്യാർത്ഥിയും മത്സരിക്കുന്നതും വിജയിക്കുന്നതും എല്ലാ മാതാപിതാക്കൾക്കും അഭിമാനം നൽകുന്ന കാര്യമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. എസ്.എസ്.എൽ.സി – പ്ലസ്ടു പരീക്ഷകളിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ഭാവി തീരുമാനിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ. ഈ കാലഘട്ടത്തിൽ കൃത്യമായ മൂല്യ ബോധത്തോടെ ഇവർ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. പാമ്പാടി പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് മാനേജിംങ് ഡയറക്ടർ റീന വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് പ്രിൻസിപ്പൽ അർച്ചന വൽസലൻ സ്വാഗതം ആശംസിച്ചു. ഏറ്റുമാനൂർ മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഹിൽഡ വർഗീസ്, ജാഗ്രത ന്യൂസ് ലൈവ് ചീഫ് എഡിറ്റർ രാകേഷ് കൃഷ്ണ , പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് റേഡിയോളജി ഡിപ്പാർട്ട്മെന്റ് ലക്ചർ റാജി ജിജിമോൾ എന്നിവർ പ്രസംഗിച്ചു.


