ജാമ്യക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് ആരോപണം; പൊലീസ് സ്റ്റേഷൻ റെയ്ഡ് ചെയ്ത് അഭിഭാഷക കമ്മിഷൻ; ചിങ്ങവനം പൊലീസ് സ്റ്റേഷൻ റെയ്ഡ് ചെയ്തത് ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന്

കോട്ടയം: കേസിലെ ജാമ്യക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി ആരോപിച്ച് ചിങ്ങവനം പൊലീസ് സ്റ്റേഷൻ റെയ്ഡ് ചെയ്ത് അഭിഭാഷക കമ്മിഷൻ. ചങ്ങനാശേരി മജിസ്‌ട്രേറ്റ് ഷെർമീന്റെ ഉത്തരവ് പ്രകാരമാണ് ചങ്ങനാശേരി കോടതിയിലെ അഭിഭാഷക അഡ്വ.ഒലീവിയ ചിങ്ങവനം പൊലീസ് സ്റ്റേഷൻ റെയ്ഡ് ചെയ്തത്. അഡ്വ.വിവേക് മാത്യു വർക്കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്റ്റേഷൻ അഭിഭാഷക കമ്മിഷൻ റെയ്ഡ് ചെയ്തത്.

Advertisements

കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റും ചെയ്തു. ഇതിനിടെ മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതിഭാഗം അഭിഭാഷകനായ അഡ്വ.വിവേക് മാത്യു വർക്കി, കേസിലെ തന്റെ ജാമ്യക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് എന്ന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാമ്യക്കാരനെ കണ്ടെത്തുന്നതിനായി പൊലീസ് സ്റ്റേഷൻ റെയ്ഡ് ചെയ്യണമെന്ന് ഭാരതീയ ന്യായ സംഹിത പ്രകാരം കോടതിയിൽ ആവശ്യം ഉന്നയിച്ചു. ഇത് അനുസരിച്ച് കോടതി ഈ സമയം കോടതിയിലുണ്ടായിരുന്ന അഡ്വ.ഒലീവിയയെ അഭിഭാഷക കമ്മിഷനായി നിയോഗിക്കുകയും ചെയ്തു. ഇത് അനുസരിച്ച് പ്രതിഭാഗം അഭിഭാഷകൻ വിവേക് മാത്യു വർക്കിയും അഭിഭാഷക കമ്മിഷനും ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ, ജാമ്യക്കാരൻ ഇവിടെ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കസ്റ്റഡിയിൽ എടുക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. എന്നാൽ. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവോടെ മാത്രമേ ഹാർഡ് ഡിസ്‌ക് നൽകാനാവു എന്ന് അറിയിച്ചു. ഇതേ തുടർന്നാണ് അഭിഭാഷക കമ്മിഷൻ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയത്. സംഭവത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അഭിഭാഷക കമ്മിഷൻ അറിയിച്ചു. കോടതി ഉത്തരവ് മുൻകൂട്ടി അറിഞ്ഞ പൊലീസ് സംഘം ജാമ്യക്കാരനെ സ്ഥലത്ത് നിന്ന് മാറ്റിയതായി അഭിഭാഷകനായ വിവേക് മാത്യു വർക്കി ആരോപിച്ചു.

Hot Topics

Related Articles