കോട്ടയം: ജില്ലയിലെ ആദ്യത്തെ മില്‍ക്ക് എ. ടി. എം മണര്‍കാട് അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ പ്രവർത്തനമാരംഭിക്കും. 300 ലിറ്റര്‍ പാൽ സംഭരണശേഷിയും എ. ടി.എം 24 മണിക്കൂർ പ്രവര്‍ത്തന ക്ഷമതയുമുള്ള എ.ടി.എം ഉദ്ഘാടനത്തിന് സജ്ജമായി. 4,35,000 രൂപയാണ് നിർമ്മാണ ചെലവ്. ഇതില്‍ രണ്ട് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തു ഫണ്ടും ബാക്കി തുക സംഘത്തിൻ്റേതുമാണ്. ഈ മാസം അവസാനത്തോടെ എ.ടി.എം കൗണ്ടറിൻ്റെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ്.
സംഘത്തില്‍ നിന്നും ലഭിക്കുന്ന സ്മാർട്ട് കാര്‍ഡ് ഉപയോഗിച്ചോ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ നൂറ് മില്ലി ലിറ്റര്‍ മുതല്‍ പാല്‍ ശേഖരിക്കാനാകും. പാത്രങ്ങളുമായി എത്തിയാണ് പാല്‍ ശേഖരിക്കേണ്ടത്. ഇതിലൂടെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം ഒഴിവാക്കാനാകും.
ഡൽഹി ആസ്ഥാനമായ പ്യുവർ ലോ എന്ന കമ്പനിയാണ് മെഷീൻ നിർമ്മിച്ചത്. പാൽ സംഭരിക്കുന്ന ടാങ്ക്, പണം ശേഖരിക്കുന്ന ഡ്രോ, കറൻസി ഡിക്ടറ്റർ, കംപ്രസർ, ക്ലീനിംഗിനുള്ള മെഷീനുകൾ എന്നിവയാണ് ഇതിലുള്ളത്.
1957 മുതലാണ് അരീപ്പറമ്പ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ഈ വര്‍ഷത്തെ ജില്ലയിലെ മികച്ച പരമ്പരാഗത ക്ഷീരസംഘമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് പാൽ സംഭരണത്തിലുണ്ടായ വര്‍ധനവും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവുമാണ് മികച്ച പ്രവർത്തനം നടത്തുന്നതിന് പ്രാപ്തമാക്കിയതെന്ന് സംഘം പ്രസിഡന്റ് വി.സി. സ്‌കറിയയും സെക്രട്ടറി കെ.എസ് ടിജോയും പറഞ്ഞു. ഒരു ദിവസം 2000 മുതല്‍ 2500 ലിറ്റര്‍ വരെ പാല്‍ സംഭരിക്കുന്നുണ്ട്. . 200 സ്ഥിരം അംഗങ്ങളുള്‍പ്പെടെ 1688 അംഗങ്ങളാണ് സംഘത്തിലുള്ളത്. ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമനിധിയില്‍ യാതൊരുവിധ കുടിശ്ശികയുമില്ലാത്ത സംഘം കൂടിയാണിത്. .
ഏഴ് സെന്റ് സ്ഥലത്ത് സ്വന്തമായുള്ള ഇരുനില കെട്ടിടത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ക്ഷീര വികസന വകുപ്പില്‍ നിന്നുള്ള പത്ത് ലക്ഷം രൂപയും സംഘത്തിന്റെ ഫണ്ടും വിനിയോഗിച്ച് നാല് വര്‍ഷം മുന്‍പാണ്
1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിച്ചത്. താഴത്തെ നില കളക്ഷന്‍ സെന്ററും ഗോഡൗണുമായി പ്രവര്‍ത്തിക്കുന്നു. മുകളിലത്തെ നിലയില്‍ സംഘത്തിന്റെ ഓഫീസും ക്ഷീര സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററും പ്രവർത്തിക്കുന്നു . സംസ്ഥാനത്തെ മികച്ച ക്ഷീര സംഘത്തിനുള്ള ഡോ. വര്‍ഗ്ഗീസ് കുര്യന്റെ പേരിലുള്ള പ്രോത്സാഹന സമ്മാനവും ഈ സംഘത്തിന് ലഭിച്ചിട്ടുണ്ട്.