കോട്ടയം: രണ്ടു മാസം മുൻപ് കോട്ടയത്ത് നടന്ന സംഭവം സൈബർ തട്ടിപ്പാക്കി വാർത്തയാക്കിയ മലയാള മനോരമ കോട്ടയം ഈസ്റ്റ് പൊലീസിനെ വട്ടം ചുറ്റിച്ചു. മലയാള മനോരമ വാർത്തയുടെ പിന്നാൽ സൈബർ കേസിലെ പ്രതിയെ തേടി കോട്ടയം ഈസ്റ്റ് പൊലീസ് നെട്ടോട്ടമോടി. രാവിലെ പത്രം വന്ന പാടെ വാർത്ത പകർത്തിയെഴുതിയ വെള്ളക്കുപ്പായക്കാരന്റെ ഓൺലൈൻ മാധ്യമവും വെട്ടിലായി. രണ്ടു മാസം മുൻപുണ്ടായ സംഭവത്തെ നിലവിലെ സൈബർ തട്ടിപ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊടിപ്പും തൊങ്ങലും ചേർത്തു തട്ടിയാണ് മലയാള മനോരമയും ഓൺലൈൻ മാധ്യമവും വെട്ടിലായത്. വാർത്തയിൽ പൊലീസ് അന്വേഷണം ആരംഭിച്ച് മലയാള മനോരമയുടെ കോട്ടയം ബ്യൂറോയിൽ എത്തിയതോടെ വിശദമായി അന്വേഷിച്ച് ഫോളോ അപ്പ് നൽകാൻ കോട്ടയം ബ്യൂറോയോട് ന്യൂസ് എഡിറ്ററും, ഡെസ്‌കും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നു രാവിലെ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയാണ് അക്ഷരാർത്ഥത്തിൽ പൊലീസിനെ വട്ടം കറക്കിയത്. പൊലീസ് ചമഞ്ഞെത്തി പണം തട്ടാൻ ശ്രമം. രണ്ടംഗ സംഘത്തിന്റെ നീക്കം പൊളിച്ചത് സമീപവാസിയായ വീട്ടമ്മ – എന്ന തലക്കെട്ടിലായിരുന്നു മലയാള മനോരമ ദിനപത്രത്തിൽ വന്ന വാർത്ത. പൊലീസ് ചമഞ്ഞ് എത്തിയ രണ്ടംഗ സംഘം മാങ്ങാനം സ്വദേശിയായ 69 കാരന്റെ പണം തട്ടാൻ ശ്രമിച്ചെന്നും ഇത് തടഞ്ഞത് സമീപ വാസിയായ വീട്ടമ്മയുടെ ഇടപെടലാണ് എന്നുമായിരുന്നു അതിശയോക്തി അൽപം കലർത്തി വാർത്തയിൽ തട്ടി വിട്ടിരുന്നത്. സമീപ വാസിയായ വീട്ടമ്മ ഇടപെട്ടതോടെ തട്ടിപ്പ് സംഘം അതിവേഗം മടങ്ങിയെന്നും, ഒടുവിൽ കേസ് എഴുതി തള്ളിയെന്ന് അറിയിച്ചെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർത്ത പ്രസിദ്ധീകരിച്ച് രാവിലെ പത്രം ഇറങ്ങിയതിന് പിന്നാലെ ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. നിരവധി സൈബർ തട്ടിപ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ നേരിട്ട് വീട്ടിൽ എത്തി തട്ടിപ്പ് നടത്തുന്ന സംഭവം ഇതുവരെയും പൊലീസിന്റെ ശ്രദ്ധയിൽ വന്നിരുന്നില്ല. ഇതേ തുടർന്നാണ് പൊലീസ് സംഘം വിശദമായി അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ മാങ്ങാനം ഭാഗത്ത് ഇത്തരം ഒരു സംഭവം അടുത്ത ദിവസങ്ങളിൽ ഒന്നും നടന്നതായി കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന്, മലയാള മനോരമ കോട്ടയം ബ്യൂറോയിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ സംഭവം എന്താണ് എന്ന് ചോദിച്ചു. എന്നാൽ കൃത്യമായി മറുപടി പറയാൻ വാർത്ത എഴുതിയ റിപ്പോർട്ടർക്ക് പോലും സാധിച്ചില്ല.
ഓഫിസിലെ ഫോണിൽ ഒരു കോൾ വന്നെന്നും, ആ കോൾ എടുത്ത് വാർത്തയാക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോർട്ടറുടെയും ബ്യൂറോ ചീഫിന്റെയും മറുപടി. പരാതിക്കാരന്റെ ഫോൺ നമ്പരോ മറ്റ് വിവരങ്ങളോ തങ്ങളുടെ കയ്യിലില്ലെന്നും ബ്യൂറോയിൽ നിന്നും മറുപടി നൽകി. തുടർന്ന് പൊലീസ് സംഘം മടങ്ങുകയും ചെയ്തു. ഇതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്.
സംഭവം ഇങ്ങനെ –
രണ്ടു മാസം മുൻപ് പാലക്കാട് ഒരു പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കോട്ടയം മാങ്ങാനത്ത് എത്തിയിരുന്നു. അന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു ഉദ്യോഗസ്ഥനെയാണ് കേസിലെ പ്രതിയുടെ വിലാസം കണ്ടെത്താനും മറ്റുമായി അയച്ചിരുന്നത്. ഇത്തരത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മാങ്ങാനം സ്വദേശിയായ ആളുടെ വീട്ടിൽ എത്തി. എന്നാൽ, കേസിൽ പ്രതിയായി നൽകിയ ആളുടെ വിലാസം തെറ്റാണ് എന്ന് പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും ഇവർ മടങ്ങുകയും ചെയ്തു. ഇതാണ് മാസങ്ങൾക്ക് ശേഷം സൈബർ തട്ടിപ്പ് കഥ പ്രചരിക്കുന്ന കാലത്ത് വാർത്തയാക്കി മനോരമ തട്ടി വിട്ടത്. സ്‌റ്റേഷനിലെ എസ്.എച്ച്.ഒയെയോ , റൈറ്ററെയോ വിളിച്ച് ചോദിച്ച ശേഷം ഒരു വാർത്തയെഴുതിയിരുന്നെങ്കിൽ ഒഴിവാകേണ്ട പുലിവാലാണ് പൊലീസിനെ കരിവാരിത്തേയ്ക്കാനായി മലയാള മനോരമ ഉപയോഗിച്ചത്. ഇത് പകർത്തിയെഴുതിയ കോപ്പിയടിക്കാരാനായ ഓൺലൈൻ മഞ്ഞയും പെടുന്നത് സ്വാഭാവികം.