കോട്ടയം: കെ.കെ റോഡിൽ യാത്രക്കാരുടെ ജീവന് പുല്ലുവില കൽപ്പിച്ച് സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും. എതിരെ വരുന്ന വാഹനയാത്രക്കാരെ ഇടിച്ചു വീഴ്ത്തുമെന്ന വാശിയിലാണ് സ്വകാര്യ ബസുകൾ അമിത വേഗത്തിൽ മത്സരിച്ചോടിയത്. വടവാതൂർ മുതൽ കഞ്ഞിക്കുഴി വരെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞ രണ്ടു സ്വകാര്യ ബസുകളുടെയും മുന്നിൽ നിന്നും പത്തിലേറെ ഇരുചക്ര വാഹനങ്ങളാണ് ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടത്. കോട്ടയം കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന അമ്പിളി ആശ, മണർകാട് റൂട്ടിൽ സർവീസ് നടത്തുന്ന പിങ്കു എന്നീ ബസുകളാണ് യാത്രക്കാരെ കൊലയ്ക്കു കൊടുക്കുന്ന രീതിയിൽ സർവീസ് നടത്തിയത്. അമിത വേഗത്തിൽ മത്സരിച്ചോടിയ പിങ്കു എന്ന സ്വകാര്യ ബസിനുള്ളിൽ എല്ലാ കണ്ടിരുന്ന ഉടമയാണ് മത്സരയോട്ടത്തിന് ചുക്കാൻ പിടിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവങ്ങൾ. വടവാതൂർ ഭാഗത്ത് വച്ചാണ് രണ്ടു സ്വകാര്യ ബസുകളും മത്സരിച്ചോടുന്നത് ആരംഭിച്ചത്. ദിവസങ്ങൾക്കു മുൻപ് യുവാവ് സ്വകാര്യ ബസിടിച്ചു മരിച്ച വടവാതൂർ പെട്രോൾ പമ്പിന് മുന്നിലായിരുന്നു ബസുകളുടെ പരാക്രമം കൂടുതലും. വടവാതൂർ കുരിശ് മുതൽ പെട്രോൾ പമ്പ് വരെ പാരലലായി സ്വകാര്യ ബസുകൾ അമിത വേഗത്തിൽ പായുകയായിരുന്നു. എതിർ ദിശയിൽ നിന്നും എത്തിയ സ്കൂട്ടർ യാത്രക്കാർ പലരും ജീവനും കൊണ്ട് ഓടിരക്ഷപെടുന്ന കാഴ്ചയും കാണാമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടവാതൂർ മുതൽ കളത്തിപ്പടിവരെ രണ്ടു ബസുകളും മത്സരിച്ച് ഓടിയെത്തിയതിനിടെ പത്തോളം ബൈക്കുകളാണ് ഇത്തരത്തിൽ റോഡിൽ നിന്നും ഓടിമാറി രക്ഷപെട്ടത്. റോഡ് നിരന്ന് മത്സരിച്ചോടിയ ബസുകൾ കഞ്ഞിക്കുഴി വരെ യാത്രക്കാരുടെ ജീവൻ വരെ വെല്ലുവിളിച്ച് പാഞ്ഞെത്തി. രണ്ടു ബസിലുമായി നാൽപ്പതോളം യാത്രക്കാർ ഇരിക്കെയാണ് ഈ അമിത വേഗവും, മത്സരയോട്ടവും രണ്ടു വാഹനങ്ങളും നടത്തിയത്. കഞ്ഞിക്കുഴിയിൽ വച്ച് അമ്പിളി ആശ ബസ് മുന്നിൽ പോയ കാറിൽ ഇടിച്ചു നിന്നു. ഈ സമയം, ഇടത് വശത്ത് കൂടി ഫുട്പാത്തിലേയ്ക്കു കയറിയ പിങ്കു ബസ് അമ്പിളി ആശയെ മറികടക്കാനാണ് ശ്രമിച്ചത്.
ഈ സമയം ഇവിടെ എത്തിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് സ്വകാര്യ ബസുകൾ രണ്ടു തടഞ്ഞ് നിർത്തി. തുടർന്ന്, ബസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടു പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, രണ്ടു ബസുകളും സ്റ്റേഷനിൽ നിർത്താൻ തയ്യാറായില്ല. തുടർന്നു, ജാഗ്രതാ ന്യൂസ് ലൈവ് സംഘം വീഡിയോ സഹിതം വാർത്ത പുറത്ത് വിടുകയും ഇടപെടൽ നടത്തുകയും ചെയ്തതോടെയാണ് രണ്ടു ബസുകളുടെയും ജീവനക്കാർ സ്റ്റേഷനിൽ എത്തിയത്. രണ്ടു ബസിന്റെയും ഡ്രൈവർമാർക്ക് എതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. അമിത വേഗത്തിൽ ബസ് പാഞ്ഞത് സംബന്ധിച്ചു വീഡിയോ സഹിതം ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത നൽകിയതോടെ മോട്ടോർ വാഹന വകുപ്പും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും വാഹനങ്ങൾക്കെതിരെ കേസെടുക്കാനും ആർ.ടി.ഒ ഹരികൃഷ്ണൻ നിർദേശം നൽകിയിട്ടുണ്ട്.