മുണ്ടക്കയം : വഴിയരികിൽ ആഹാരം പോലുമില്ലാതെ വിശന്നുപൊരിയുന്നവരുടെ വിശപ്പടക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് മുണ്ടക്കയത്തെ ഒരു കൂട്ടം വീട്ടമ്മമാർ. വീട്ടിലെ ഇത്തിരി ഭക്ഷണം വാട്ടിയെടുത്ത ഇലത്തുമ്ബില്‍ ലഭിക്കുമ്ബോള്‍ വിശന്നിരിക്കുന്നവന്റെ കണ്ണുകളിലും ആഴമുള്ള ഒരു കടലാണ്. കുടുംബശ്രീയിലടക്കം പ്രവർത്തിച്ച് പരിചയമുള്ള റബീന സിയാദിന്റെ മനസിലാണ് ആശയം വിരിഞ്ഞത്. നാട്ടിലെ മറ്റ് വീട്ടമ്മമാരും പിന്തുണയേകിയതോടെയാണ് ‘വിശപ്പിന് ഒരു കൈത്താങ്ങ്’ പദ്ധതി യാഥാർത്ഥ്യമായത്. നന്മ കൂട്ടായ്മയെന്നാണ് ഇവർ അറിയപ്പെടുന്നത്. മുണ്ടക്കയം ചാച്ചിക്കവലയില്‍ കുടിവെള്ളം വിതരണം ചെയ്ത് കൊണ്ടായിരുന്നു തുടക്കം. പിന്നീട് ലഘുഭക്ഷണത്തിലേക്കും പൊതിച്ചോർ വിതരണത്തിലേക്കും കടക്കുകയായിരുന്നു. സമീപ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. വീട്ടിലേക്കുണ്ടാക്കുന്ന ഉച്ചയൂണിലെ വിഭവങ്ങള്‍ തന്നെയാണ് പൊതിച്ചോറിലുമാക്കുന്നത്.
ഭക്ഷണക്കൂട്ടില്‍ വയ്ക്കുന്ന പൊതിച്ചോറുകള്‍ വഴിയാത്രക്കാർ ഉള്‍പ്പെടെയുള്ളവർക്ക് സൗജന്യമായി എടുത്ത് ഭക്ഷിക്കാം. ഇതിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന ബോക്സില്‍ നിന്ന് സംഭാവനയായി ലഭിക്കുന്ന പണം നിർദ്ധന രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ നിർവഹിച്ചു. റബീന സിയാദ് അദ്ധ്യക്ഷത വഹിച്ചു. മൂസ പി.എസ്. ഹുസൈൻ, മുജീബ് ഷാ,സുമി, നാദിർഷ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.