കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. പനച്ചിക്കാട് പൂവൻതുരുത്ത് ഭാഗത്ത് ആതിര ഭവൻ വീട്ടിൽ അനന്തു പ്രസന്നൻ (29), കോട്ടയം എരുമേലി കരിനിലം 96 കവല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ക്രിമിനൽ ജയൻ എന്നറിയപ്പെടുന്ന ജയപ്രകാശ് (47) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ഒന്‍പത് മാസത്തേക്കാണ് നാടുകടത്തിയത്. അനന്തു പ്രസന്നന് കോട്ടയം ഈസ്റ്റ്, ചിങ്ങവനം, വൈക്കം, ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, അടിപിടി , ഭീഷണിപ്പെടുത്തുക, എൻ.ഡി.പി.എസ് ആക്ട് തുടങ്ങിയ നിരവധി കേസുകളും, ജയപ്രകാശിന് മുണ്ടക്കയം, ഇടുക്കി ജില്ലയിലെ പെരുവന്താനം, പീരുമേട് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം തുടങ്ങി നിരവധി കേസുകളിലും പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.