ചങ്ങനാശേരി : നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം യുവാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. ചങ്ങനാശേരി സ്വദേശികളായ നാലംഗ സംഘത്തെയാണ് പൊലീസ് സംഘം പിടികൂടിയത്. ചങ്ങനാശേരി പുതൂർപ്പള്ളി ഭാഗം പുതുപ്പറമ്പിൽ ഫൈസൽ (41), കുളത്തുമ്മാട്ടിൽ അനീഷ് (37), ഹിദായത്ത് നഗർ ആര്യാട്ട് വീട്ടിൽ ആദിൽ (40), പുതുപ്പറമ്പിൽ റഫീഖ് (47) എന്നിവരെയാണ് കേസ് അന്വേഷണ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 23 ന് അർദ്ധരാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചങ്ങനാശേരി സ്വദേശിയായ ഷമീർ സലീമി (ചോട്ടാ ഷമീർ) നാണ് വെട്ടേറ്റത്.
പ്രതികളും ഷമീറും നേരത്തെ ഒരു സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. ഇതിനിടെ ഇരുസംഘവും തമ്മിൽ തർക്കം ഉണ്ടാകുകയും ഷമീർ ഒരു സംഘത്തിൽ നിന്ന് വിട്ടു പോകുകയും ചെയ്തു. തുടർന്ന് ഒരു മാസം മുൻപ് കേസിലെ പ്രതിയായ റഫീഖിനെ ഷമീർ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടർന്നാണ് പ്രതികൾ ആക്രമണത്തിന് തയ്യാറെടുത്തത്. കയ്യിൽ ആയുധവും കരുതിയാണ് പ്രതികൾ എത്തിയത്. സംഭവ ദിവസം രാത്രിയിൽ ജനറൽ ആശുപത്രി റോഡിൽ വച്ച് പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതികൾക്കായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് ഇവരെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്യതത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.