അവസാനമായി കുടുംബത്തെക്കണ്ടത് നാല്വർഷം മുൻപ് : ദുരൂഹസാഹചര്യത്തില്‍ 5 പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ചിത്രദുര്‍ഗ: കര്‍ണാടകയില്‍ ദുരൂഹസാഹചര്യത്തില്‍ 5 പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ചിത്രദു‍ര്‍ഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അ‍ഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ ഇത്രയും നാള്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ അഞ്ചു പേര്‍ മരിച്ചിട്ടും അയല്‍വാസികളോ ബന്ധുക്കളോ വിവരമറിഞ്ഞില്ലെന്നു മാത്രമല്ല, ഇവരെക്കുറിച്ച്‌ അന്വേഷിക്കുക പോലും ചെയ്തില്ലെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. ടൗണിനോടു ചേര്‍ന്നാണ് ഇവരുടെ വീട്. എന്നിട്ടു പോലും വിവരം പുറത്തറിയാൻ വൈകി. സാമ്ബത്തികമായി മികച്ച നിലയിലായിരുന്നു ഈ കുടുംബമെന്നാണ് അയല്‍വാസികളും ബന്ധുക്കളും നല്‍കുന്ന വിവരം. വീട്ടില്‍നിന്ന് കന്നഡയിലുള്ള ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും അതില്‍ തീയതിയോ ഒപ്പോ ഇല്ല.

Advertisements

ഗവണ്‍മെന്റ് എക്സിക്യുട്ടിവ് എൻജിനീയറായി വിരമിച്ച ജഗന്നാഥ് റെഡ്ഡിയും കുടുംബവുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ജഗന്നാഥ് റെഡ്ഡിക്കു (70) പുറമേ ഭാര്യ പ്രേമാവതി (60), മക്കളായ ത്രിവേണി (42), കൃഷ്ണ റെഡ്ഡി (40), നരേന്ദ്ര റെഡ്ഡി (37) എന്നിവരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് മഞ്ജുനാഥ് എന്ന പേരില്‍ മൂത്ത ഒരു മകൻ കൂടിയുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇയാള്‍ 2014ല്‍ ഒരു അപകടത്തില്‍ മരിച്ചു. 2019 ജനുവരിയിലാണ് മരണം നടന്നിരിക്കുന്നതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ഇവിടെയെത്തിയ അയല്‍വാസി ഇവരുടെ വീടിന്റെ മുറ്റത്തു തലയോട്ടി കിടക്കുന്നതു കണ്ട് നിലവിളിച്ചോടിയതോടെയാണു കൂട്ടമരണം പുറംലോകം അറിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ആദ്യം കണ്ടെത്തിയ മൂന്ന് അസ്ഥികൂടങ്ങളാണ്. ഫൊറൻസിക് ടീം നടത്തിയ വിശദമായ പരിശോധനയിലാണ് പിന്നീട് രണ്ട് അസ്ഥികൂടങ്ങള്‍ കൂടി കണ്ടെടുത്തത്. അസ്ഥികൂടങ്ങളെല്ലാം കിടക്കുന്ന രീതിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ നാലെണ്ണം ഒരു മുറിയിലും ഒരെണ്ണം മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ഒരു മുറിയിലെ നാലെണ്ണത്തില്‍ രണ്ടെണ്ണം ബെഡിലും ബാക്കി രണ്ടെണ്ണം നിലത്തുമാണ് കിടന്നിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞിരുന്ന കുടുംബത്തെ 2019 ജൂണിനു ശേഷം പുറത്തു കണ്ടില്ലെന്നാണ് അയല്‍ക്കാരുടെ മൊഴി. ആരെങ്കിലും ഇവരുടെ വീട്ടില്‍ ചെന്നാല്‍ വാതില്‍ തുറക്കാതെ ജനലിലൂടെ സംസാരിക്കുന്നതായിരുന്നു രീതിയെന്ന് അയല്‍ക്കാരെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുമായി 12 വര്‍ഷത്തിലധികമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. ദീര്‍ഘകാലം വീട് അടഞ്ഞുകിടക്കുകയും ഇവരേക്കുറിച്ച്‌ യാതൊരു വിവരവും ലഭിക്കാതെ വരികയും ചെയ്തിട്ടും രണ്ടു കൂട്ടരും ഒരു വിധത്തിലും അന്വേഷിച്ചില്ലെന്നത് പൊലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ അസ്വാഭാവിക മരണത്തിനാണ് ചിത്രദുര്‍ഗ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാലു പേരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനും വിശദ പരിശോധനകള്‍ക്കും വിധേയമാക്കുന്നതോടെ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്. വീടിന്റെ പിന്നിലെ വാതില്‍ തകര്‍ന്ന നിലയിലാണ്. ഇതിലൂടെ അകത്തു കടന്ന നായകളാകാം മൃതദേഹങ്ങള്‍ കടിച്ചുവലിച്ചു പുറത്തിട്ടെന്നാണു നിഗമനം. അതേസമയം വീടിനകത്തു മോഷണം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. ഇത്രയും കാലം വീട്ടിലുള്ളവരെ പുറത്തു കാണാതിരുന്നിട്ടും പൊലീസിനെ വിവരമറിയിക്കാതിരുന്ന അയല്‍വാസികളുടെ നടപടികളിലും പൊലീസിനു സംശയമുയര്‍ത്തിയിട്ടുണ്ട്. കോവിഡ് കാലത്തായിരുന്നു മരണമെന്നതിനാല്‍, അതുമായി ബന്ധപ്പെട്ട സാധ്യതകളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത വിവരം ആദ്യ ഘട്ടത്തില്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍, ഈ കുറിപ്പില്‍ രണ്ടു പേരേക്കുറിച്ച്‌ സൂചനകളുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതില്‍ ഒരാള്‍ ചിത്രദുര്‍ഗ സ്വദേശിയും രണ്ടാമൻ സമീപ ഗ്രാമത്തില്‍ നിന്നുള്ളയാളുമാണ്. ഇവരുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ദീര്‍ഘനാളായി ഈ രണ്ടു വ്യക്തികള്‍ ചേര്‍ന്ന് കുടുംബത്തെ ദ്രോഹിക്കുകയാണെന്ന് കുറിപ്പില്‍ ആരോപണമുണ്ടെന്നാണ് വിവരം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇതെന്നാണ് വിവരം. ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇവരെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി. മൂത്ത മകളായ ത്രിവേണിക്ക് നട്ടെല്ലിനു ഗുരുതര രോഗം ബാധിച്ചിരുന്നതായാണ് വിവരം. ഇതേത്തുടര്‍ന്ന് ഇവരുടെ വിവാഹം നടന്നില്ല. മൂത്ത സഹോദരി അവിവാഹിതയായി തുടര്‍ന്നതിനാല്‍ സഹോദരൻമാരും വിവാഹം കഴിച്ചില്ല. പ്രേമലതയും നിത്യരോഗിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവരുടെ ചികിത്സയ്ക്കായി ഒരുപാടു പണം മുടക്കിയിരുന്നു. കാര്യമായ ഫലമുണ്ടായില്ലെന്നു മാത്രം.

കുടുംബത്തിലെ ഇളയ മകനായ നരേന്ദ്ര റെഡ്ഡി മോഷണക്കേസില്‍ ജയിലിലായതും കുടുംബത്തെ തളര്‍ത്തിയെന്നാണ് വിവരം. ബെംഗളൂരുവില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന നരേന്ദ്ര റെഡ്ഡി, സുഹൃത്തുക്കള്‍ക്കൊപ്പം വാഹന മോഷണത്തില്‍ പങ്കാളിയായെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ബെംഗൂരുവിലെ ബിഡാദി പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഈ കേസുമായി ബന്ധപ്പെട്ട് നരേന്ദ്ര റെഡ്ഡി കുറച്ചുദിവസം ജയില്‍വാസവും അനുഭവിച്ചു. സമൂഹത്തില്‍ ഉന്നത നിലയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് ഈ കേസ് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. വീട്ടില്‍നിന്ന് കണ്ടെടുത്ത അഞ്ച് അസ്ഥികൂടങ്ങള്‍ക്കു പുറമേ ഒരു പട്ടിയുടെ അസ്ഥികൂടവുമുണ്ടെന്നാണ് വിവരം. കുടുംബാംഗങ്ങള്‍ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തിരിക്കാമെന്നും, ഈ ഭക്ഷണം കഴിച്ച്‌ പട്ടിയും ചത്തിരിക്കാമെന്നുമാണ് നിലവിലുള്ള അനുമാനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.