വൈക്കം : വൈക്കം ബോട്ട്ജെട്ടിക്ക് സമീപം വഴിയോരത്ത് പഴക്കട നടത്തിയിരുന്ന പുത്തൻതറയിൽ അശോകൻ ജീവനൊടുക്കിയത് നഗരസഭ അധികൃതർ കടയ്ക്കെതിരെ നടപടി സ്വീകരിച്ചതുമൂലമാണെന്ന് ആരോപിച്ച് ധീവരസഭയുടെ നേതൃത്വത്തിൽ അശോകൻ്റെ മൃതദേഹം നഗരസഭയ്ക്ക് മുന്നിലെത്തിച്ച് പ്രതിക്ഷേധിച്ചു. ഇന്ന് രാവിലെ 10.45നാണ് ധീവരസഭ 118-ാം ശാഖാ ഭാരവാഹികളും കരയോഗ അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ അശോകൻ്റെമൃതദേഹവുമായി സമരത്തിനെത്തിയത്. നഗരത്തിൽ വൻകിടക്കാരടക്കം നിരവധി പേർ ക്രമക്കേട് നടത്തിയിട്ടും നടപടി സ്വീകരിക്കാത്ത അധികൃതർ വഴിയോരത്ത് താൽക്കാലിക കട നടത്തി ഉപജീവനം നടത്തുന്നയാൾക്കെതിരെ നടപടിക്ക് മുതിർന്നത് മനുഷ്യത്വത്തിന് നിരക്കുന്നതല്ലെന്ന് നഗരസഭ കൗൺസിലർമാരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും ആരോപിച്ചു. അശോകൻ്റെ മരണത്തിലേയ്ക്ക് നയിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ധീവരസഭ ജില്ലാ പ്രസിഡൻ്റ് ശിവദാസ് നാരായണൻ ആവശ്യപ്പെട്ടു. ധീവരസഭ ശാഖായോഗം സെക്രട്ടറി എം.കെ. മോഹനൻ, പ്രസിഡൻ്റ് ബാഹുലേയൻകല്ലറയ്ക്കൽ, നഗരസഭ കൗൺസിലർമാരായ ആർ. സന്തോഷ്, എ.സി.മണിയമ്മ,ലേഖമനോജ്, രാഷ്ട്രീയ കക്ഷി നേതാക്കളായ ഡി. രഞ്ജിത്ത് കുമാർ, എം.സുജിൻ, പി.ആർ.സുഭാഷ്, കെ.ആർ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിക്ഷേധവുമായി ബന്ധപ്പെട്ടു സംഘർഷം ഉണ്ടാകാതിരിക്കാൻ വൈക്കം ഡിവൈഎസ്പിസിബിച്ചൻ ജോസഫിൻ്റെ നേതൃത്വത്തിൽ വൻപോലീസ് സന്നാഹം നഗരസഭ കാര്യാലയത്തിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. 20 മിനിട്ടോളം നഗരസഭയ്ക്ക് മുന്നിൽ പ്രതിക്ഷേധം നടത്തിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.വൈക്കം പോലീസ് ക്വാർട്ടേഴ്സിനു സമീപം പുത്തൻതറയിൽ പി.പി. അശോകനെ(62) ഞായറാഴ്ച രാവിലെ 11.30 ഓടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബന്ധുക്കളും അയൽക്കാരും ചേർന്ന് ഇയാളെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരസഭയുടെ താത്ക്കാലിക ലൈസൻസിലാണ് വർഷങ്ങളായി ബോട്ട് ജെട്ടിക്ക് സമീപം അശോകൻ്റെ പഴക്കട പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം കട വിപുലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർ പോളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. കടയിലെ വൈദ്യുതി കണക്ഷനും അനധികൃതമാണെന്ന് ആരോപിച്ച് അധികൃതർ വിച്ഛേദിച്ചിരുന്നു. ഇതിനെ തുടർന്ന് അശോകൻ കട തുറന്നിരുന്നില്ല.അശോകൻ നഗരസഭ അധികൃതരുടെ മുന്നിലെത്തി ജീവനൊടുക്കുമെന്ന് ഭീഷണി ഉയർത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.കടയുടെ വിപുലീകരിച്ച ഭാഗം മാത്രം പൊളിച്ചു നീക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. അനധികൃതമായി നേടിയ വൈദ്യുതകണക്ഷനാണ് വിച്ഛേദിച്ചതെന്നും ഇക്കാര്യത്തിൽ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും ഏതുതരത്തിലുള്ള അന്വേഷണവും നേരിടാൻ തയ്യാറാണെന്നും നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് പറഞ്ഞു.