ശബരിമല : ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ദേവസ്വം ബോർഡ് വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്ക്കറ്റും നൽകുന്ന ആശ്വാസം ചെറുതല്ല. പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമുള്ളതിനാൽ കൈയ്യിൽ വെള്ളം കരുതാതെയാണ് കൂടുതൽ സ്വാമിമാരും മല കയറുന്നത്. എന്നാൽ പമ്പ മുതൽ സന്നിധാനം വരെ ആവശ്യമുള്ളവർക്കെല്ലാം സുലഭമായി സുരക്ഷിതമായ കുടിവെള്ളം ചെറു ചൂടോടെ നൽകുന്നു. പമ്പയിലും ശരംകുത്തിയിലും സന്നിധാനത്തും ചുക്കു വെള്ളം തയ്യാറാക്കുന്നുണ്ട്.ശരംകുത്തിയിൽ മാത്രം 15,000 ലിറ്ററിൻ്റെ മൂന്ന് ബോയിലറുകൾ പ്രവർത്തിക്കുന്നു.
നാലാമതൊരെണ്ണത്തിൻ്റെ നിർമാണം പുരോഗമിച്ചു വരുന്നു. പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ വഴിയാണ് കുടിവെള്ളം വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്. ശരംകുത്തി മുതൽ ക്യൂ കോംപ്ലക്സ് അവസാനിക്കുന്നതുവരെ 20 ഇടങ്ങളിൽ കുടിവെള്ള ടാപ്പുകൾ ഉണ്ട്. തീർഥാടകർക്ക് ഇവിടങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കാം.വലിയ നടപ്പന്തലിൽ എല്ലാ വരികളിലും നിൽക്കുന്നവർക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള വിധത്തിലുള്ള ക്രമീകരണങ്ങളുണ്ട്.വലിയ നടപ്പന്തലിൽ അഞ്ച് ട്രോളി കളിലും കുടിവെള്ളം വരിനിൽക്കുന്ന ഭക്തർക്ക് അവരുടെ അടുത്ത് എത്തിച്ചു നൽകും. 24 മണിക്കൂറും സേവനമുണ്ട്.അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ കുടിവെള്ള വിതരണത്തിനായി 607 പേരെ മൂന്നു ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് നൽകിയ യൂണിഫോം ഇട്ടാണ് ഇവരുടെ പ്രവർത്തനം.വരിനിൽക്കുന്ന ഭക്തർക്ക് ബിസ്കറ്റും നൽകുന്നുണ്ട്. 28 ലക്ഷം പായ്ക്കറ്റ് ബിസ്ക്കറ്റ് ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പമ്പയിൽ നിന്ന് സ്റ്റീൽ കുപ്പി കരുതാം
പ്ലാസ്റ്റിക് നിരോധനമുള്ളതിനാൽ പമ്പയിലോ സന്നിധാനത്തോ കുപ്പിവെള്ളം കിട്ടില്ല. മലകയറുന്ന തീർഥാടകർക്ക് വെള്ളം ശേഖരിക്കാൻ പമ്പയിൽ പ്രവർത്തിക്കുന്ന കൗണ്ടറിൽ നിന്ന് സ്റ്റീൽ കുപ്പികൾ ശേഖരിക്കാം. 100 രൂപ നൽകി വാങ്ങുന്ന കുപ്പി തിരികെയെത്തുമ്പോൾ മടക്കി നൽകിയാൽ തുക തിരികെ നൽകും. അല്ലാത്തവർക്ക് കുപ്പി വീട്ടിൽ കൊണ്ടുപോകാം. പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കിയതിലൂടെ പൂങ്കാവനത്തിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യം ഗണ്യമായി കുറയ്ക്കാനായതായി അധികൃതർ പറഞ്ഞു.