കോട്ടയം : കോട്ടയം നഗരസഭയുടെ വടവാതൂർ ഡമ്പിംങ്ങ് യാർഡിൽ വൻ തീപിടുത്തം. യാർഡിൽ കൂട്ടിയിട്ടിരുന്ന പഴയ മാലിന്യങ്ങൾക്കാണ് വ്യാഴാഴ്ച ഉച്ചയോടെ തീ പിടിച്ചത്. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ഡമ്പിങ് യാർഡിൽ നിന്നും വലിയ തീയും പുകയും കണ്ടത്. ഇതേ തുടർന്ന് നാട്ടുകാർ വിവരം അഗ്നിരക്ഷാസേന യൂണിറ്റിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടയം യൂണിറ്റിൽ നിന്നും നാല് അഗ്നിരക്ഷാസേന വാഹനങ്ങളും പാമ്പാടി യൂണിറ്റിൽ നിന്നും ഒരു വാഹനവും സ്ഥലത്തെത്തി. തുടർന്ന് തീ നാലുമണിക്കൂറോളം പരിശ്രമിച്ച് നിയന്ത്രണവിധേയമാക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡമ്പിങ്ങ് യാർഡിൽ കൂടി കിടക്കുന്ന പഴയ മാലിന്യങ്ങൾക്ക് ആരോ തീയിട്ടതാണെന്നാണ് അഗ്നി രക്ഷാസേന സംശയിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് വടവാതൂർ ഡമ്പിംഗ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. സാമൂഹ്യ വിരുദ്ധ സംഘം മാലിന്യത്തിന് തീയിട്ടതാണെന്നാണ് സംശയം ഉയരുന്നത്. നിരന്തരമായി തീയിടുന്നത് അഗ്നി രക്ഷാ സേനയ്ക്കും വെല്ലുവിളിയായി മാറിയിട്ടുണ്ട്.
സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിൽ ബി, സുനിൽകുമാർ , കെ ടി സലി, ജോട്ടി ജോസഫ് , കെ.എൻ സുരേഷ് , എസ്. അനിൽകുമാർ , പ്രിയദർശൻ , അഭിലാഷ് ചന്ദ്രൻ , വിവേക് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിജയപുരം പഞ്ചായത്തിലെ ഡമ്പിങ്ങ് യാർഡ് നാട്ടുകാരുടെ സമരത്തെ തുടർന്ന് കഴിഞ്ഞ പത്തു വർഷത്തോളമായി അടച്ചിട്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇവിടെ നിരന്തരമായി നാട്ടുകാർക്കും അഗ്നിരക്ഷാസേനയ്ക്കും ഒരുപോലെ ശല്യമായി തീപിടുത്തം ഉണ്ടാവുന്നത്.