മണർകാട് : മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മക്കളുമടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം മോസ്കോ ഭാഗത്ത് കൊല്ലാർ കുഴിയിൽ വീട്ടിൽ ബാലൻ കെ.എം(59), അയർക്കുന്നം തിരുവഞ്ചൂർ ഭാഗത്ത് മണിയാറ്റുങ്കൽ വീട്ടിൽ അനന്തു മധു (25) ബാലന്റെ മക്കളായ അർജുൻ കെ.ബാലൻ (21), അരുൺ കെ.ബാലൻ (28), എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വിജയപുരം സ്വദേശിയായ മധ്യവയസ്കന്റെ മോസ്കോ ഭാഗത്തുള്ള താമസമില്ലതിരുന്ന വീടിന്റെ വരാന്തയിലിരുന്ന് അർജുനും, അരുണും, അനന്തു മധുവും സുഹൃത്തുക്കളുമായി മദ്യപിക്കുന്നത് കണ്ട മധ്യവയസ്കൻ ഇതിനെ ചോദ്യം ചെയ്യുകയും, തുടർന്ന് ഇവർ മധ്യവയസ്കനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. ബഹളം കേട്ട് ഈ സമയം ഇവിടെയെത്തിയ ബാലൻ കമ്പിവടി കൊണ്ട് മധ്യവയസ്കന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
മധ്യവയസ്കനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരനെയും ഇവർ കമ്പിവടി കൊണ്ട് ആക്രമിക്കുകയും അനന്തു മധു പട്ടിക കഷണം കൊണ്ട് . തലയ്ക്ക് അടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ നാലുപേരെയും പിടികൂടുകയുമായിരുന്നു. അനന്തു മധു അയർക്കുന്നും സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐമാരായ സജീർ ഇ.എം, സാജു പി.എം, സി.പി.ഓ മാരായ സുനിൽകുമാർ എം.ജി, തോമസ് രാജു, അനൂപ് വി.വി, ശ്രീകുമാർ എം.കെ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.