കോട്ടയം : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് കാപ്പ നിയമ ലംഘനം നടത്തിയ കേസിൽ അറസ്റ്റിൽ. തിരുവാർപ്പ് കാഞ്ഞിരം ഭാഗത്ത് പറേനാൽപ്പതിൽ വീട്ടിൽ ജെറിൻ പി.ആര് (25) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. കുമരകം, കോട്ടയം ഈസ്റ്റ്, കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുമരകം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, സി.പി.ഓ മാരായ അരുണ്‍ പ്രകാശ്, മിനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.