മണർകാട്: ദേവാലയത്തിന്‍റെ മനോഹാര്യത വർധിക്കുമ്പോൾ ഇടവകയുടെയും ദേശത്തിന്‍റെയും മനോഹാര്യത വർധിക്കുന്നുവെന്ന് യാക്കോബായ സഭ മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്‌താത്തിയോസ്. നവീകരണം പൂർത്തീകരിച്ച മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്‍റെ കൂദാശയും വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളിനോടു അനുബന്ധിച്ചുള്ള സന്ധ്യാപ്രാർഥനയ്ക്കും പ്രധാന കാർമ്മികത്വം വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേവാലയം എത്ര മനോഹരമായിരുന്നാലും അത് ദൈവത്തിന് തൃപ്തികരമാണ്. സ്വർഗസമാനമായ രീതിയിൽ നവീകരിച്ച ഈ ദേവാലയത്തിൽ വന്നു പ്രാർഥിക്കുന്ന എല്ലാവർക്കും അതിന്‍റെ ആത്മനിർവൃതി കൂടുതൽ അനുഭവിച്ചറിയാന്‍ സാധിക്കും. വളരെ ലളിതമായി രീതിയിൽ നിർമിച്ച് കാലാകാലങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് ഇന്ന് കാണുന്ന രീതിയിൽ ഈ പള്ളി ആയിത്തീരാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കത്തീഡ്രലിന്‍റെ പടിഞ്ഞാറ് വശത്തെ വാതിലിലെത്തിയ ഐസക് മോർ ഒസ്‌താത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സഹവികാരിയും പ്രോഗ്രാം കോഓർഡിനേറ്ററുമായ കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്തും ട്രസ്റ്റി പി.എ. ഏബ്രഹാമും ചേർന്ന് കത്തിച്ച മെഴുകുതിരി നൽകി സ്വീകരിച്ചു. തുടർന്ന് വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും നേതൃത്വത്തിൽ ദേവാലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. തെക്ക് വശത്ത് സ്ഥാപിച്ചിരിക്കുന്ന വിളക്കിൽ മെത്രാപ്പോലീത്ത ആദ്യ തിരി കത്തിച്ചു. തുടർന്ന് കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, ഫാ. കുറിയാക്കോസ് കാലായിൽ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം, വർഗീസ് ഐപ്പ്, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ്, സെക്രട്ടറി വി.ജെ. ജേക്കബ് എന്നിവർ തിരികൾ തെളിച്ചു. തുടർന്ന് ഐസക് മോർ ഒസ്‌താത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ സന്ധ്യാപ്രാർഥനയും ദേവാലയ കൂദാശയും നടത്തി. ദേവാലയ കൂദാശയുടെ പ്രത്യേക പ്രാർഥനകൾക്ക് ശേഷം പ്രധാന മദ്ബഹായും തുടർന്ന് വടക്കു വശത്തെയും തെക്ക് വശത്തെയും മദ്ബഹായും മെത്രാപ്പോലീത്ത റൂശ്മാ ചെയ്തു ആശീർവദിച്ചു. വാഴ്ത്തിയ ജലം തളിച്ച് പള്ളിക്ക് ഉൾഭാഗവും തുടർന്ന് വാതിലുകളും ചുമരുകളും അദ്ദേഹം റൂശ്മാ ചെയ്തു ആശീർവദിച്ചു.
വെരി.റവ.കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, വെരി.റവ. കുറിയാക്കോസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ കറുകയിൽ. വെരി.റവ. തോമസ് കെ. ഇട്ടി കുന്നത്തയ്യേട്ട്. റവ.ഫാ. കുറിയാക്കോസ് കാലായിൽ,
റവ.ഫാ. എം.ഐ. തോമസ് മറ്റത്തിൽ, റവ.ഫാ. ജോർജ് എം ജേക്കബ് കരിപ്പാൽ, റവ.ഫാ. സനോജ് കുര്യൻ കരോട്ടെക്കുറ്റ്, റവ.ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ, റവ.ഫാ. അന്ത്രയോസ് മംഗലത്ത്, റവ.ഫാ. ജിനൂപ് കുറിയാക്കോസ് തെക്കെക്കുഴി
എന്നിവർ ശുശ്രൂഷകൾക്ക് സഹകാർമ്മികത്വം വഹിച്ചു.
ആധുനിക രീതിയിൽ ദേവാലയം നവീകരണം നടത്തുന്നതിന് ഡിസൈൻ ചെയ്യുകയും നവീകരണ പണികൾ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ച അജിത്ത് ജോസ് കുര്യൻ മാൻവെട്ടം, ദേവാലയത്തിനുള്ളിലെ ലൈറ്റിംഗിന്റെ ക്രമീകരണം ഭംഗിയായി രൂപകൽപ്പന ചെയ്യുകയും പണികൾക്ക് മേൽനോട്ടം വഹിച്ച സജി കുര്യൻ ഒറ്റപ്ലാക്കൽ എന്നിവരെ മെത്രാപ്പോലീത്ത ആദരിച്ചു.
നവീകരണത്തിനു ശേഷമുള്ള പ്രഥമകുർബാനയും വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളും ഇന്ന് നടക്കും. രാവിലെ ഏഴിന് മംഗലാപുരം ഭദ്രാസനാധിപനും ഹോണവോർ മിഷൻ ചീഫ് കോ-ഓർഡിനേറ്ററുമായ യാക്കോബ് മോർ അന്തോണിയോസ് മൊത്രാപ്പോലീത്തയുടെ പ്രധാനകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്ന് വാങ്ങിപ്പുപെരുന്നാൾ ശുശ്രൂഷയും പ്രദക്ഷിണവും നടക്കും.
സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ ആചരിക്കുന്ന ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചായിരുന്നു കത്തീഡ്രലിന്‍റെ നവീകരണം നടത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് എട്ടുനോമ്പ് ആചരണത്തിനും പെരുന്നാളിനുമായി ഇവിടേയ്ക്ക് ഒഴുകിയെത്തുക.