കോട്ടയം: കുറിച്ചി മന്ദിരം കവലയിൽ സ്വകാര്യധനകാര്യ സ്ഥാപനത്തിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണം മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം വിശദമായി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇവ സൂക്ഷ്മമായി പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്.
സ്വകാര്യസ്ഥാപനത്തിൽ നിന്നും മോഷണം പോയ തുക 1.25 കോടി രൂപയുടെ സ്വർണമാണ് എന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാപനതതിലെ രജിസ്റ്ററുകൾ പരിശോധിച്ചാണ് ഇതിന് വ്യക്തത വരുത്തിയത്. പണത്തിന്റെ കാര്യത്തിൽ രേഖകൾ പരിശോധിച്ചു വരുന്നതേയുള്ളുവെന്നും പോലീസ് അറിയിച്ചു. പോലീസ് നായ എത്തി തെളിവ് ശേഖരിച്ചിരുന്നെങ്കിലും സോപ്പുപൊടി വിതറിയിരുന്നതിനാൽ പോലീസ് നായക്ക് മണം പിടിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. സ്ഥാപനത്തിനുള്ളിൽ മണം പിടിച്ച പോലീസ് നായ സമീപത്തെ പറമ്പിൽ വരെ പോയി തിരികെ വരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി മന്ദിരം ഭാഗത്ത് കരണ്ടുപോയ സമയത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ സമയത്താണ് മോഷണം നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇതിനായി കെ.എസ്.ഇ.ബിയുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.കഴിഞ്ഞ ദിവസമാണ് ചിങ്ങവനം മന്ദിരം കവലയിലെ സ്വകാര്യസ്ഥാപനത്തിൽ നിന്നും 1.25കോടി രൂപയുടെ സ്വർണ്ണവും എട്ടുലക്ഷം രൂപയും മോഷണം പോയത്. ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി കെ.എസ്.മധുസൂദനൻന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.