പത്തനംതിട്ട: കോയിപ്രം മർദന കേസിലെ മുഖ്യ പ്രതിയായ ജയേഷ് പോക്സോ കേസിലും പ്രതി. 2016 ൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇയാൾ പ്രതിയാണ് എന്ന വിവരമാണ് പുറത്തുവന്നത്. ഈ പോക്സോ കേസില്‍ ജയേഷ് ജയിലില്‍ കിടന്നിട്ടുണ്ട്. നിലവില്‍ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. കോയിപ്രം മര്‍ദനക്കേസില്‍ പരാതിക്കാരനെയും കൂട്ടി പൊലീസ് വീണ്ടും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
ജയേഷിന്റെ വീട്ടിൽ ആലപ്പുഴക്കാരനായ പത്തൊൻപതുകാരനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ പത്തൊമ്പതുകാരന്‍ നേരിട്ട അതിക്രൂരമർദ്ദനം പോലീസിനോട് വിശദീകരിച്ചു. ജയേഷിന്‍റെ ക്രിമിനല്‍ പശ്ചാത്തലത്തെ പറ്റി നേരത്തെ തന്നെ പൊലീസ് സൂചന നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ ഇരകൾ ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്. യുവാക്കളെ കൂടാതെ മറ്റ് രണ്ട് പേരും മർദനത്തിന് ഇരയായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മുഖ്യപ്രതി ജയേഷിന്‍റെ ഫോണിലെ രഹസ്യഫോൾഡറിലുള്ള ദൃശ്യങ്ങൾ കേസിൽ നിർണായകമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജയേഷും ഭാര്യ രശ്മിയും അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19 കാരനും, റാന്നി സ്വദേശിയായ 30 കാരനും നല്‍കിയ പരാതിയിലാണ് നിലവിലെ അന്വേഷണം. മറ്റ് രണ്ടുപേര്‍ കൂടി സമാനരീതിയിൽ കോയിപ്രത്തെ വീട്ടിൽ വച്ച് അതിക്രൂരമർദനത്തിന് ഇരയായി എന്ന സംശയം പൊലീസിനുണ്ട്. എന്നാൽ നിലവിലെ പരാതിക്കാർ തന്നെ പൊലീസിനോട് ആദ്യഘട്ടത്തിൽ മൊഴി നൽകാൻ സഹകരിച്ചിരുന്നില്ല. അറസ്റ്റിലായ രശ്മിയുടെ ഫോണിൽ നിന്ന് അഞ്ചു വീഡിയോ ക്ലിപ്പുകൾ ആറന്മുള പൊലീസ് വീണ്ടെടുത്തിരുന്നു. അതിൽ നിന്നാണ് രണ്ട് യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ കിട്ടിയത്. മുഖ്യപ്രതിയായ ജയേഷിന്‍റെ ഫോണിൽ ഒരു രഹസ്യ ഫോൾഡർ ഉണ്ട്. അതിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സൈബർ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണസംഘം ശ്രമം തുടങ്ങി.
ആ ഫോണിൽ കൂടുതൽ ഇരകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ കേസിന്റെ സ്വഭാവം തന്നെ മാറും. സാമ്പത്തിക ലാഭത്തിനായുള്ള ഹണി ട്രാപ്പ് , ആഭിചാരം , അവിഹിതം അങ്ങനെ പല കഥകളും കേൾക്കുന്ന കേസിൽ കുറ്റകൃത്യത്തിന്റെ യഥാർത്ഥ കാരണം പോലും അവ്യക്തമാണ്. ഭാര്യ രശ്മിയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ സുഹൃത്തുക്കളെ വീട്ടിൽ ഒരുക്കുന്ന കെണി ഒരുക്കി ജയേഷ് മർദിച്ചു എന്നതാണ് ഇതുവരെയുള്ള പൊലീസ് നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കോയിപ്രം പൊലീസ് നാളെ അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലും ശാസ്ത്രീയ അന്വേഷണവും ദുരൂഹത നീക്കും എന്നതാണ് പൊലീസ് പറയുന്നത്.