കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയല്‍ എസ്എൻഡിപി കോളേജില്‍ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിന് ഇരയായ വിദ്യാർഥി അമല്‍ ഇന്ന് പ്രിൻസിപ്പലിന് പരാതി നല്‍കും.രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കോളേജ് പ്രിൻസിപ്പല്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരെയടക്കം പ്രതികളാക്കി കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
നാല് എസ്എഫ്ഐ പ്രവർത്തകർ, കണ്ടാലറിയാവുന്ന ഇരുപതോളം പേർ എന്നിവർക്കെതിരെയാണ് കേസ്. യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമലിനെ ക്ലാസില്‍ നിന്ന് വിളിച്ചിറക്കി കോളജിന് സമീപത്ത് വച്ച് മർദിച്ചത്.