കോഴിക്കോട്: വ്യത്യസ്തങ്ങളായ ആറ് വിഷയങ്ങളിൽ നെറ്റ് യോഗ്യതയും, അതിൽ തന്നെ രണ്ട് വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് അർഹതയും നേടി അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് മലപ്പുറം അരീക്കോട് സ്വദേശിയായ അനീസ് പൂവത്തി.
ടൂറിസം, പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ് റിലീജിയൻ, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ നേരത്തെ നെറ്റ് യോഗ്യത ഉണ്ടായിരുന്ന അനീസ് ഇത്തവണത്തെ പരീക്ഷയിൽ മാനേജ്‌മെന്റ്റ് വിഷയത്തിലും നെറ്റ് കരസ്ഥമാക്കിയിരിക്കുകയാണ്. ഇതിൽ തന്നെ സൈക്കോളജി, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ അനീസിന് ജെ.ആർ.എഫ് യോഗ്യതയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലപ്പുറം കുഴിമണ്ണ പഞ്ചായത്തിൽ ക്ളാർക്കായിരുന്ന അനീസ് പഠനത്തോടും മത്സര പരീക്ഷകളോടുമുള്ള അഭിനിവേശം വർദ്ധിച്ചപ്പോൾ, സർക്കാർ ജോലി ഉപേക്ഷിച്ച് നെറ്റ് പരിശീലന രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. വിവിധ വിഷയങ്ങളിൽ നെറ്റ് യോഗ്യത നേടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം അനീസും വ്യത്യസ്ത വിഷയങ്ങൾ പഠിക്കാനും പരീക്ഷ എഴുതാനും ആരംഭിച്ചു. ഓരോ തവണയും വ്യത്യസ്തങ്ങളായ വിഷയങ്ങൾ പഠിക്കുകയും നെറ്റ് എഴുതുകയും ചെയ്തപ്പോഴൊന്നും അനീസിന് നിരാശപ്പെടേണ്ടി വന്നില്ല.
ഇപ്പോൾ കോഴിക്കോട് കേന്ദ്രമായി ഐഫർ എഡ്യൂക്കേഷൻ എന്ന പേരിൽ നെറ്റ് കോച്ചിങ് സെന്റർ നടത്തുകയാണ് അനീസ്. ഓരോ വർഷവും നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് നെറ്റ് യോഗ്യത നേടികൊടുക്കാനും ഇതുവഴി സാധിക്കുന്നു. അറിവിനോടും അറിവ് പകർന്ന് കൊടുക്കുന്നതിനോടുമുള്ള താൽപര്യമാണ് ഏത് പരീക്ഷയുടെയും വിജയരഹസ്യം എന്നാണ് അനീസിന്റെ പക്ഷം. വരും വർഷങ്ങളിൽ കൂടുതൽ വിഷയങ്ങളിൽ നെറ്റ് നേടുകയും കൂടുതൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യമെന്നും അനീസ് പറയുന്നു. അരീക്കോട് പൂക്കോട് ചോലയിൽ പരേതനായ വീരാൻ മാഷിന്റെയും മൈമുനയുടെയും മകനാണ്.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നടത്തുന്ന അധ്യാപന യോഗ്യതാ പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്. ലക്ഷകണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷയിൽ ആറ് ശതമാനം പേർക്ക് മാത്രമാണ് യോഗ്യത ലഭിക്കുക. ജെ.ആർ.എഫ് യോഗ്യത ലഭിക്കുക ഒരു ശതമാനം പേർക്കും.