കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ച് പേരുടെ മരണ കാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഇവരിൽ രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം പരിശോധന ഇന്ന് നടക്കും. മൂന്ന് പേരുടെ മരണം ശ്വാസം കിട്ടാതെയെന്ന ടി സിദ്ധിഖ് എംഎൽഎയുടെ ആരോപണം തള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇന്നലെ രംഗത്ത് വന്നിരുന്നു.
വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, മേപ്പാടി സ്വദേശി നസീറയും മറ്റൊരാളുമാണ് മരിച്ചത്. നസീറയുടെയടക്കം രണ്ട് പേരുടെ പോസ്റ്റ്മോർട്ടമാണ് ഇന്ന് നടക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ന്യൂ ബ്ലോക്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർഫോഴ്സിന്റെയും പരിശോധന ഇന്ന് നടക്കും. അത്യാഹിത വിഭാഗം മെഡിക്കൽ കോളേജിലെ ഓൾഡ് ബ്ലോക്കിൽ താൽക്കാലികമായി ക്രമീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത്. തൊട്ടുപിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴിപ്പിക്കുകയായിരുന്നു.
യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തീപടർന്നു എന്നുമാണ് വിവരം. ഷോർട് സർക്യൂട്ടാണോ അപകട കാരണമെന്ന് പരിശോധിച്ചാലേ സ്ഥിരീകരിക്കാനാവൂ എന്നാണ് ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കിയത്. ഈ പരിശോധന അടക്കം ഇന്ന് നടക്കും. അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.
ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നത്. യുപിഎസ് റൂമിൽ ഷോർട് സർക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടർ വ്യക്തമാക്കി. 200ൽ അധികം രോഗികളെയാണ് ഇന്നലെ മാത്രം മെഡിക്കൽ കോളേജിൽ നിന്ന് മറ്റ് സർക്കാർ-സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്.
അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.