കോഴിക്കോട് : നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പൊതുവിലും കണ്ടെയ്ൻമെന്റ് സോണുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ.ഗീതയുടെ ഉത്തരവ്. കണ്ടെയ്ൻമെന്റ് സോണുകളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനമൊരുക്കാനും നിര്‍ദേശമുണ്ട്.
പ്രദേശത്തെ പൊതുപാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവയില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനമുണ്ടായിരിക്കില്ല. ജില്ലയില്‍ കഴിയാവുന്ന പൊതുപരിപാടികളും ചടങ്ങുകളും മാറ്റിവയ്ക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ക്കുമാത്രമാണ് അനുമതിയുള്ളത്. ആരാധനാലയങ്ങളില്‍ പോകുന്നവരും ചടങ്ങുകളില്‍ പങ്കെടുക്കുന്നവരും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള യാത്രകളും കര്‍ശനമായി നിരോധിച്ചു.