കോഴിക്കോട് : തുടര്‍ച്ചയായി നിപ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ആക്ഷൻ പ്ലാൻ ഒരുങ്ങുന്നു.ജില്ലയില്‍ മൂന്നാം തവണയും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം പ്രകൃതിയുടെയും മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഊന്നല്‍നല്‍കി ആരോഗ്യവകുപ്പ് ഏകാരോഗ്യം അഥവാ വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
ആരോഗ്യം, വനം, മൃഗസംരക്ഷണം, ഫിഷറീസ്, ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി തയാറാക്കുന്നത്. ഇതിന്‍റെ ഭാഗമായി ആക്ഷൻ പ്ലാൻ തയാറാക്കാൻ ഓരോ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വന്യമൃഗങ്ങളെയും ജീവികളെയും കൃത്യമായി നിരീക്ഷിക്കുകയും പഠനവിധേയമാക്കുകയും ഇവയില്‍നിന്ന് പകരുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് യഥാ സമയങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച നടക്കുന്ന അവലോകനയോഗത്തില്‍ വിവിധ വകുപ്പുകളുടെ ആക്ഷൻ പ്ലാൻ പരിശോധിച്ച് അന്തിമ രൂപം നല്‍കും. ജില്ല കലക്ടറായിരിക്കും സമിതി അധ്യക്ഷൻ. സമിതി എല്ലാമാസവും അവലോകനയോഗം കൂടണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.