കോഴിക്കോട്: തങ്ങളുടെ നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും കോഴിക്കോട് നെല്ലിക്കോട്ടുകാര്‍ മുക്തരായിട്ടില്ല.യുകെ നിര്‍മ്മിതമടക്കം 266 വെടിയുണ്ടകളാണ് തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയത്.ബൈപ്പാസിന് സമീപത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിലേക്ക് അപൂര്‍വമായി വാഹനങ്ങള്‍ വരുന്നത് കണ്ടിട്ടിട്ടുണ്ടെങ്കിലും സംശയാസ്പദമായി ഇതുവരെ ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് അവര്‍ പറയുന്നു.ഒഴിഞ്ഞപറമ്പാണെങ്കിലും ഇതുവരെ വെടിയൊച്ചകളൊന്നും കേട്ടിട്ടുമില്ല. പക്ഷേ, വെടിവെപ്പ് പരിശീലനം നടത്തിയതിന്റെ തെളിവുകള്‍കൂടി ലഭിച്ചതാണ് നാട്ടുകാരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.
ബൈപ്പാസിനടുത്തുനിന്നു കണ്ടെത്തിയ 266 വെടിയുണ്ടകള്‍ റൈഫിള്‍ ക്ലബ്ബുകളിലും പൊലീസിലുമടക്കം പരിശീലനം നടത്തി പഠിക്കുന്ന പോയന്റ് 22 റൈഫിളില്‍ ഉപയോഗിക്കുന്നവയാണ്. അപൂര്‍വമായി മൃഗങ്ങളെ ഉള്‍പ്പെടെ വേട്ടയാടാനും ഇവ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഇത്രയധികം വെടിയുണ്ടകള്‍ എങ്ങനെ ഇവിടെ ഉപേക്ഷിച്ചെന്ന് വ്യക്തമായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോയന്റ് 22 തോക്കിന് 180 മീറ്റര്‍വരെ റേഞ്ചുണ്ട്. അതുകൊണ്ട് അപകടസാധ്യതയും കൂടുതലാണ്.ലൈസന്‍സുള്ള ആര്‍ക്കും ലഭിക്കാവുന്നതാണെങ്കിലും മറ്റു സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.സംഭവത്തെക്കുറിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്രയും വെടിയുണ്ടകള്‍ പിടികൂടുന്നത്.
വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞു കയറിയ പ്ലൈവുഡ് ഷീറ്റും കണ്ടെത്തി. വെടിയുണ്ട സൂക്ഷിച്ച ബോക്‌സില്‍നിന്ന് രണ്ടെണ്ണം ഊരിമാറ്റിയിട്ടുണ്ടെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.തീവ്രവാദബന്ധത്തെക്കുറിച്ചൊന്നും ഒരു സൂചനയും ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. എങ്ങനെയാണ് ഇത്രയും വെടിയുണ്ടകള്‍ അവിടെയെത്തിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് മേധാവി എ. അക്‌ബര്‍ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് തൊട്ടടുത്ത പറമ്പ് അളക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി പരിശോധിക്കുന്നതിനിടെയാണ് തെങ്ങിന്റെ ചുവട്ടിലായി ആദ്യം ഏതാനും വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്, ചൊവ്വാഴ്ച ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചപ്പോഴാണ് ബാക്കി ഇരുനൂറ്റമ്പതോളം വെടിയുണ്ടകള്‍ കവറില്‍ പൊതിഞ്ഞ് ബോക്‌സുകളിലാക്കി സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
വളരെ ചെറുതായിരുന്നതിനാല്‍ വെടിയുണ്ടയാണെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായിരുന്നില്ല. യുവാക്കളുടെ മാലയുടെ ഭാഗമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പ്രദേശത്തെ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുജാത കൂടത്തിങ്ങല്‍ പറഞ്ഞു. വെടിയുണ്ട കണ്ടെത്തിയ കുറ്റിയകുത്ത് പറമ്പിന്റെ സമീപത്ത് കാടുകയറി കിടക്കുകയാണ്. അവിടേക്ക് കയറിയാല്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുകയുമില്ല.
വെടിയുണ്ടകള്‍ ക്ലാവുപിടിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ ഉപേക്ഷിച്ചതല്ലെന്നുതന്നെയാണ് നിഗമനം. ഇത്തരം വെടിയുണ്ടകള്‍ക്ക് 20വര്‍ഷം വരെയൊക്കെ കാലാവധിയുണ്ട്.പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും മറ്റൊന്നും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടില്ല.
മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ബെന്നിലാല്‍, ബോംബ് സ്‌ക്വാഡ് എഎസ്‌ഐ. ആഷ്‌ലി തോറോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി. ശിവാനന്ദന്‍, സി. ധനേഷ്, സി.പി.ഒ. വത്സരാജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വംനല്‍കി.സിറ്റി ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ അനില്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ആര്‍മര്‍ വിഭാഗം എസ്‌ഐ. പി.കെ. പൗലോസും സംഭവസ്ഥലത്ത് പരിശോധന നടത്തി.