തൃശ്ശൂര്‍: സില്‍വര്‍ലൈൻ പദ്ധതിക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനറിപ്പോര്‍ട്ട്. പദ്ധതിയില്‍ പുനര്‍വിചിന്തനം വേണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കെ- റെയില്‍പോലെ വലിയൊരു പദ്ധതിക്ക് ഉണ്ടാകേണ്ട വിശദാംശങ്ങള്‍ ഡി.പി.ആറില്‍ ഇല്ല. അപൂര്‍ണമായ ഡി.പി.ആര്‍. തന്നെയാണ് വലിയ ന്യൂനത. ഹരിതപദ്ധതിയെന്ന വാദം തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ലൈനിന്റെ ഇരുവശവും 100 മീറ്റര്‍ സോണില്‍ 12.58 ഹെക്ടര്‍ സ്വാഭാവിക വൃക്ഷലതാദികള്‍, 54.91 ഹെക്ടര്‍ കണ്ടല്‍വനങ്ങള്‍, 208.84 ഹെക്ടര്‍ കൃഷിയുള്ള നെല്‍പ്പാടങ്ങള്‍, 18.40 ഹെക്ടര്‍ കായല്‍പ്രദേശം, 1172.39 ഹെക്ടര്‍ കുളങ്ങളും ചിറകളും, 24.59 ഹെക്ടര്‍ കാവുകള്‍ എന്നിവ ഇല്ലാതാവും. 1500 ഹെക്ടര്‍ സസ്യസമ്ബുഷ്ടമായ പ്രദേശങ്ങളാണ് ആകെ നഷ്ടമാവുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1131 ഹെക്ടര്‍ നെല്‍പ്പാടങ്ങളടക്കം 3532 ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങളുടെ സ്വാഭാവികത നഷ്ടമാവും. ഐ.യു.സി.എൻ. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ 42 ജലജീവികള്‍ ഈ പ്രദേശങ്ങളിലായുണ്ട്. 202.96 കിലോമീറ്റര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ആകെയുള്ള 535 കിലോമീറ്ററില്‍ 292.73 കിലോമീറ്ററും രണ്ടുമീറ്റര്‍ മുതല്‍ എട്ടുമീറ്റര്‍വരെ പൊക്കമുള്ള എംബാങ്ക്മെന്റാണ് നിര്‍ദേശിച്ചിരിക്കുന്നത്. 55 ശതമാനത്തോളം എംബാങ്ക്മെന്റാണ്. മഴക്കാലത്ത് പാതയുടെ കിഴക്കുഭാഗങ്ങള്‍ വെള്ളത്തിനടിയിലാകാനുള്ള സാധ്യത കൂടുതലാണ്. എംബാങ്ക്മെന്റ് പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യതയെ നേരിടുന്നതിനുള്ള ഉയര്‍ന്ന നിലവാരമുള്ള എൻജിനീയറിങ്, പരിസ്ഥിതി പുനഃസ്ഥാപന നടപടികള്‍ സംബന്ധിച്ച് ഡി.പി.ആറില്‍ പറയുന്നില്ല.
പാതയ്ക്കുമാത്രമായി 7500-ഓളം വീടുകളും 33 ഫ്ലാറ്റുകളും 454 വ്യവസായസ്ഥാപനങ്ങളും 173 സ്വകാര്യ- പൊതുസ്ഥാപനങ്ങളും പൂര്‍ണമായും ഇല്ലാതാകും. 6,54,675 ചതുരശ്രമീറ്റര്‍ അളവില്‍ വാസമേഖലകള്‍ ഇല്ലാതാകും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഡി.പി.ആറില്‍ പറയുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.