കോട്ടയം: കെ.എസ്.ഇ.ബി ഐ.ജി.ആർ.സി ആഭ്യന്തര പരാതി പരിഹാര സെൽ കോട്ടയം സർക്കിളിൽ രൂപീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരാതി പരിഹാര സെൽ രൂപീകരണം ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.കെ ജയൻ അധ്യക്ഷ പ്രസംഗം നടത്തി. പള്ളം കെ.എസ്.ഇ.ബി സെക്ഷൻ അസി. എൻജിനീയർ വിജി പ്രഭാകരൻ വിഷയാവതരണം നടത്തി. ഉപഭോക്താക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് പുതിയ പരാതി പരിഹാര ഫോറം രൂപീകരിച്ചിരിക്കുന്നത്. ഐ.ജി.ആർ.സി എന്ന പേരിലാണ് ഈ ആഭ്യന്തര പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുക. ബില്ലിംങ് സംബന്ധമായ പ്രശ്‌നങ്ങൾ, വൈദ്യുതി മുടക്കങ്ങൾ, വോൾട്ടേജ് സംബന്ധമായ പരാതികൾ, മീറ്റർ സംബന്ധമായ പരാതികൾ, കണക്ഷൻ, ഡിസ്‌കണക്ഷൻ എന്നിവ സംബന്ധിച്ചുള്ള പരാതികൾ, തെരുവുവിളക്കുകൾ സംബന്ധിച്ചുള്ള പരാതികൾ, വൈദ്യുതി സേവനവുമായി ബന്ധപ്പെട്ടുള്ള പരാതികൾ എന്നിവയാണ് ഈ ആഭ്യന്തര പരാതി പരിഹാര സെൽ പരിണിക്കുക.
സബി ഡിവിഷൻ തലത്തിലുള്ള ഐ.ജി.ആർ.സിയുടെ ചെയർപേഴ്‌സൺ അസി.എക്‌സിക്യൂട്ടീവ് എൻജിനീയറായിരിക്കും. എൽടി കണക്ഷനുമായി ബന്ധപ്പെട്ട പരാതികളായിരിക്കും ഈ സമിതിയുടെ പരിഗണനയ്ക്ക് വരിക. സർക്കിൾ തലത്തിലുള്ള സമിതിയുടെ ചെയർപേഴ്‌സൺ ഡെപ്യൂട്ടി ചീഫ് എൻജിനീയറായിരിക്കും. എച്ച്.ടി, ഇ.എച്ച്.ടി ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പരാതികളാണ് ഇവിടെ പരിഗണിക്കുക. കോർപ്പറേഷൻ തലത്തിലുള്ള സമിതിയുടെ ചെയർപേഴ്‌സൺ ചീഫ് എൻജിനീയറായിരിക്കും. ഇമെയിൽ വഴിയും, ഫോൺ വഴിയും, നേരിട്ട് പ്രാദേശിക ഓഫിസുകൾ വഴിയും ഉപഭോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാം. പരാതിക്കാരന്റെ പേര്, ഫോൺ നമ്പർ , കൺസ്യൂമർ നമ്പർ , പരാതിയ്ക്ക് ആധാരമായ കാരണം എന്നിവ കൃത്യമായി നൽകിയിരിക്കണം. പരാതിക്കാരൻ തന്റെ പ്രാദേശിക ഓഫിസിൽ പരാതി സമർപ്പിച്ചാൽ ഉടൻ തന്നെ പരാതി രജിസ്റ്റർ ചെയ്ത് രസീത് നൽകണം. ഏഴു ദിവസനത്തിനുള്ളിൽ ഈ പരാതി പരിഹരിക്കണമെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ സെക്ഷനിലെ അസി.എൻജിനീയർ പരാതി ഡിവിഷൻ തല സമിതിയിലേയ്ക്ക് പരാതി റഫർ ചെയ്യണം. ഈ പരാതികൾ ഏഴു ദിവസത്തിനുള്ളിൽ തീർക്കേണ്ടതാണ്. പരാതികൾ ലൈസൻസി തലത്തിൽ തന്നെ തീർക്കുകയാണ് പരാതി പരിഹാര സെല്ലിലൂടെ ലക്ഷ്യമിടുന്നത്.