വൈക്കം: ബാറിൽ മദ്യപിച്ചതിൻ്റെ പണം പൂർണമായി കൊടുക്കാൻ കഴിഞ്ഞില്ല, ബാർ ജീവനക്കാരുമായി കലഹിച്ച കെ എസ് ഇ ബി ജീവനക്കാർ വിരോധം തീർത്തത് പ്രദേശത്തെ ഫ്യൂസ് ഊരി. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. തലയാഴംതോട്ടകത്ത് പുതിയതായി തുടങ്ങിയ ബാർ ഹോട്ടലിൽ ഏതാനും കെ എസ് ഇ ബിജീവനക്കാർ എത്തി മദ്യപിച്ചു. മദ്യപിച്ചതിൻ്റെ ബിൽ പൂർണമായി നൽകാൻ ഇല്ലാതിരുന്ന കെ എസ് ഇ ബി ജീവനക്കാർ ബാക്കി തുക പിന്നെ തരാമെന്ന് പറഞ്ഞെങ്കിലും ബാർ ജീവനക്കാർ സമ്മതിച്ചില്ല. തുടർന്ന് പിണങ്ങി ഇറങ്ങിയ കെ എസ് ഇ ബി ജീവനക്കാർ പ്രദേശത്തെ ഫ്യൂസ് ഊരിയാണ് വിരോധം തീർത്തത്. ബാർ ഹോട്ടലിലടക്കം പ്രദേശത്തെ വീടുകളിലും20 മിനിട്ടോളം വൈദ്യുതി മുടങ്ങി. ബാർ ഹോട്ടലിൽ മദ്യപിച്ച് പണം നൽകാത്തതിനെ തുടർന്ന് കലഹിച്ച കെ എസ് ഇ ബി ജീവനക്കാരിൽ ഒരാൾ മുമ്പ് കെ എസ് ഇ ബി യിൽ സാമ്പത്തിക തിരിമറി നടത്തിയ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. ബാറിലെ തർക്കത്തിൻ്റെ പേരിൽ ഒരു പ്രദേശത്തെയാകെ മിനിട്ടുകളോളം ഇരുട്ടിലാക്കിയ ജീവനക്കാർക്കെതിരെ അധികൃതർ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.