കോട്ടയം : കെഎസ്ഇബി നടപടിയിൽ നട്ടം തിരിഞ്ഞ് പാത്താമുട്ടം നിവാസികൾ.മുന്നറിയിപ്പ് നൽകാതെ നിരന്തരം വൈദ്യുതി വിച്ഛേദിക്കുന്ന കെഎസ്ഇബി നടപടിയാണ് പ്രദേശവാസികൾക്ക് തലവേദനയാകുന്നത്. പാത്താമുട്ടം പാമ്പുരംപാറയിലെ ജനങ്ങൾ പരാതിപ്പെട്ടിട്ടും വിഷയത്തിൽ പരിഹാരമുണ്ടാകുന്നില്ല എന്ന ആക്ഷേപം ശക്തമാവുകയാണ്. മുന്നറിയിപ്പ് നൽകാതെ വൈദ്യുതി വിച്ഛേദിക്കുന്നതിലൂടെ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതമാണ് ദുസ്സഹമാകുന്നത്. വിവിധ അച്ചകുറ്റപ്പണികൾക്കായി കെഎസ്ഇബി നിരന്തരം വൈദ്യുതി ഓഫ് ചെയ്യുന്നു എന്ന ആക്ഷേപമാണ് പ്രദേശവാസികൾക്കുള്ളത്. മുൻകൂട്ടി ഉപഭോക്താക്കളെ വിവരം അറിയിക്കുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യാത്തതു മൂലം പ്രദേശത്തെ ജനങ്ങളുടെ ജീവിതം താറുമാറാവുകയാണ്. ചില ദിവസങ്ങളിൽ ദിവസം മുഴുവൻ വൈദ്യുതി ലഭിക്കാത്ത സാഹചര്യവുമുണ്ടാകുന്നു. അതിനാൽ തന്നെ വളരെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. എന്നാൽ തങ്ങൾ അറിയിപ്പ് നൽകുന്നുണ്ട് എന്നും സന്ദേശം എല്ലാവരുടേയും മൊബൈൽ ഫോണുകളിലേക്കും അയയ്ക്കുന്നുണ്ട് എന്നുമാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ വാദം.