തിരുവനന്തപുരം: കെഎസ്ആർടിസി ലോ ഫ്ളോർ ബസുകൾ ക്ളാസ് മുറികളാകുന്നു. പുതിയ പരീക്ഷണത്തിനായി ബസുകൾ വിട്ടുനൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഉപയോഗശൂന്യമായ രണ്ട് ലോ ഫ്ളോർ ബസുകളാണ് ക്ളാസ് മുറികളായി മാറുന്നത്. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ളാസ് മുറികൾ എത്തുന്നത്. നഷ്ടത്തിലാകുന്ന സ്ഥാപനങ്ങളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പ്രവർത്തനക്ഷമമല്ലാത്ത പഴയ ബസുകളാണ് ക്ളാസ് മുറികളാകുന്നത്.
പഴയ ബസുകൾ തൂക്കി വിൽക്കുമെന്ന് ആന്റണി രാജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബസുകൾ ക്ളാസ് മുറികളാക്കുമെന്ന് മന്ത്രി അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രതികരണം അറിയിച്ചിട്ടില്ല.