ബെംഗളൂരു: കർണാടകയിലെ ആർ ടി സി ബസുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ നീക്കം. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ എസ് ആർ ടി സി) ബസ് ചാർജ് 20 ശതമാനം വരെ വർധിപ്പിക്കണം എന്നാണ് നിർദേശം. കർണാടകയിലെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന ശക്തി പദ്ധതിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ ഗണ്യമായ നഷ്ടമാണ് കെ എസ് ആർടി സി റിപ്പോർട്ട് ചെയ്തത്.
വർധിച്ച് വരുന്ന പണപ്പെരുപ്പത്തിനിടയിൽ ഡിപ്പാർട്ട്‌മെന്റിനെ നിലനിർത്താൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേ തീരൂ എന്ന് കെ എസ് ആർ ടി സി ചെയർമാൻ എസ്ആർ ശ്രീനിവാസ് പറഞ്ഞു. വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗം ബസ് ചാർജുകൾ വർധിപ്പിക്കാനും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചതായി ശ്രീനിവാസ് കൂട്ടിച്ചേർത്തു. 2020 മുതൽ ശമ്ബളം പരിഷ്‌കരിക്കാത്ത ജീവനക്കാരുടെ സാമ്ബത്തിക ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ബസ് സർവീസുകൾ അത്യാവശ്യമാണ്. ഒരു ബസ് ഡ്രൈവർ വന്നില്ലെങ്കിൽ, ഒരു ഗ്രാമത്തിന് അന്നത്തെ ബസ് സർവീസ് നഷ്ടപ്പെടാം. ശക്തി പദ്ധതി മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഞങ്ങൾക്ക് 295 കോടി രൂപയുടെ നഷ്ടമുണ്ടായി,’ ശ്രീനിവാസ് വിശദീകരിച്ചു. യാത്രാ നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ കെ എസ് ആർ ടി സി രക്ഷപ്പെടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കർണാടകയിലെ കോൺഗ്രസിന്റെ അഞ്ച് ഗ്യാരണ്ടികളിലൊന്നാണ് ശക്തി പദ്ധതി.
‘ശക്തി’ സ്‌കീമിന് കീഴിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുമതിയുള്ളതിനാൽ ഈ വർധന പുരുഷ യാത്രക്കാർക്ക് ഭാരമാകുമോ എന്ന ചോദ്യത്തിന് പുരുഷന്മാർക്ക് മാത്രം ഭാരം ചുമത്തുന്ന പ്രശ്നമില്ലെന്നും ശ്രീനിവാസ് പറഞ്ഞു. ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് കെഎസ്ആർടിസി ചെയർപേഴ്സൺ പറഞ്ഞു.
അതേസമയം ഈ പദ്ധതി കാരണമാണ് നഷ്ടം ഉണ്ടായതെന്ന് നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ചെയർമാൻ രാജു കഗെയും അഭിപ്രായപ്പെട്ടു. ”കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ബസ് നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ഡിപ്പാർട്ട്മെന്റ് നഷ്ടത്തിലാണ്, പക്ഷേ ഞങ്ങൾ ഇപ്പോഴും അത് കൈകാര്യം ചെയ്യുകയാണ്,’ അദ്ദേഹം പറഞ്ഞു. 40 പുതിയ വോൾവോ ബസുകൾ വാങ്ങാനുള്ള നിർദേശവും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ഇതുവരെ 600 സാധാരണ ബസുകൾ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധനത്തിന്റെയും സ്പെയർപാർട്സിന്റേയും വില ഗണ്യമായി വർധിച്ചു എന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കർണാടകയിൽ ഇന്ധനവിലയും പാൽ വിലയും വർധിപ്പിച്ചിരുന്നു. ഇത് പ്രതിപക്ഷ കക്ഷികളായ ബിജെപിയുടെയും ജെഡിഎസിന്റേയു വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന് തൊട്ടുമുമ്ബാണ് നിരക്ക് വർദ്ധനയെക്കുറിച്ചുള്ള രണ്ട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ അധ്യക്ഷൻമാരുടെ പ്രസ്താവനകൾ പുറത്ത് വന്നിരിക്കുന്നത്.