ആലപ്പുഴ: കെഎസ്ആർടിസി ട്രിപ്പുകള്‍ നിര്‍ത്തലാക്കിയ റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് അനുമതി. ഒരു കിലോമീറ്ററില്‍ നിന്നുള്ള വരുമാനം (ഏണിങ് പെർ കിലോമീറ്റർ) 35 രൂപയില്‍ കുറവുള്ള സർവീസുകള്‍ അയയ്ക്കേണ്ടതില്ലെന്ന നിർദേശത്തെ തുടർന്നാണ് സ്വകാര്യ മേഖലയ്ക്ക് അനുമതി നല്‍കുന്നത്. ആലപ്പുഴ ജില്ലയില്‍ മാത്രം 32 സ്വകാര്യബസുകള്‍ക്ക് പുതുതായി പെർമിറ്റ് നല്‍കിയിട്ടുണ്ട്.
കെഎസ്ആർടിസി യുടെ കുത്തകയായിരുന്ന തോട്ടപ്പള്ളി-കരുനാഗപ്പള്ളി ചെയിൻ സർവീസിന്റെ സ്ഥാനത്ത് ഇനി മുതല്‍ സ്വകാര്യ ബസുകള്‍ ഓടിക്കും. ഈ തീരദേശപാതയില്‍ ഒട്ടേറെ സ്വകാര്യ ബസുകള്‍ക്ക് പുതിയ പെർമിറ്റുകള്‍ അനുവദിക്കുമെന്നാണ് അറിയുന്നത്. ഇവിടെ സ്വകാര്യ ബസുകള്‍ ഹ്രസ്വദൂര സർവീസുകളേ നടത്തിയിരുന്നുള്ളൂ. കരുനാഗപ്പള്ളി-തോട്ടപ്പള്ളി റൂട്ടിലെ കെഎസ്ആർടിസി ചെയിൻ സർവീസിന്റെ കണ്ണി മുറിച്ചതിനു പിന്നാലെയാണ് സ്വകാര്യ ബസുകള്‍ക്ക് കൂട്ടത്തോടെ അനുമതികൊടുക്കുന്നത്. വർഷങ്ങളായി ചെയിനായി കെഎസ്ആർടിസി സർവീസ് നടത്തിയിരുന്ന ചെങ്ങന്നൂർ-കൊല്ലം, പുനലൂർ-കായംകുളം തുടങ്ങിയ റൂട്ടുകളിലും സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്കാൻ നീക്കമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടങ്ങളില്‍ സ്വകാര്യബസുകള്‍ അനുമതിക്ക് അപേക്ഷിച്ചതായാണ് വിവരം. കെഎസ്ആർടിസി മാത്രം സർവീസ് നടത്തിയിരുന്ന കുട്ടനാട്ടില്‍ ആദ്യമായി സ്വകാര്യബസിന് അനുമതി നല്‍കിയിട്ടുണ്ട്. പുന്നപ്രയില്‍നിന്ന് കൈനകരിയിലേക്കുള്ള സർവീസിനാണ് ആലപ്പുഴ ജില്ലാ ആർ ടിഎ ബോർഡ് യോഗം അനുമതി നല്‍കിയത്.