കൊച്ചി: കെഎസ്ആർടിസി ജീവനക്കാർ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇന്നത്തെ ടിഡിഎഫ് സമരം പൊളിഞ്ഞ് പാളീസായി. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നൽകുന്നത്. ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവർ നഷ്ടപരിഹാരം തരേണ്ടിവരും. അതിന് നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. ശമ്പളം ഒന്നാം തീയതി തരും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. കെഎസ്ആർടിസി നിലനിൽക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണെന്നും കൊച്ചിയിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
ജീവനക്കാർക്ക് ഒരുമിച്ച് ശമ്പളം കൊടുക്കുമെന്ന് പറഞ്ഞ ശേഷം ഒരുമിച്ച് ശമ്പളം കൊടുക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് ഒന്നാം തീയ്യതി തന്നെ ശമ്പളം കൊടുക്കുമെന്നും താൻ പറഞ്ഞതാണ്. ശ്വാസമെടുക്കാനുള്ള സമയം തരണം. അതിന് മുൻപേ സമരവുമായി വരരുത്. ഇന്നത്തെ സമരത്തെ വനിതാ ജീവനക്കാരടക്കം തള്ളി. സാധാരണത്തേതിലും കൂടുതലാണ് ഇന്നത്തെ സ്ത്രീ ജീവനക്കാരുടെ ഹാജർ. കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമം ജനങ്ങളും വലിയ വിഭാഗം ജീവനക്കാരും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.