കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി സെൻസ് ഇന്റർനാഷണൽ ഇൻഡ്യയുടെയും അസീം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനതല അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു. ഓൺ ലൈനിലും ഓഫ് ലൈനിലുമായി സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയിൽ ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴസൺ ലൗലി ജോർജ്ജ് നിർവ്വഹിച്ചു. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിജി ജോർജ്ജ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷൈല തോമസ്, സെൻസ് ഇന്റർ നാഷണൽ ഇൻഡ്യ അഡ്വക്കസി ഓഫീസർ ശ്രുതിലത സിംഗ്, സൈൻ ഭാഷാ പരിഭാഷക ഒമിറ്റാ നിങ്ങോഡാം, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷൻ പ്രസിഡന്റ് തോമസ് കൊറ്റോടം എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. അന്ധബധിര വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ഇത്തരം കുട്ടികൾക്കുള്ള അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം വളർത്തിയെടുക്കുന്നതോടൊപ്പം ഭിന്നശേഷിയുള്ളവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന വിവിധ ഡിപ്പാർട്ട്മെന്റ് പ്രതിനിധികളുമായി സംവദിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്വക്കസി മിറ്റിംഗ് സംഘടിപ്പിച്ചത്. സെൻസ് സംഘടനാ പ്രതിനിധികളും തിരുവനന്തപുരം മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റി, ബെത്തേരി ശ്രേയസ് എന്നീ സംഘടനകളിൽ നിന്നുമുള്ള അന്ധബധിര വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു.