കോട്ടയം : കെഎസ് യു ജില്ലയിൽ നടത്തിയ വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ സമ്പൂർണമായിരുന്നു എന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെയായിരുന്നു ഇന്ന് വിദ്യാഭ്യാസം ബന്ദ് നടത്തിയത്.
സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിന് കോട്ടയം ജില്ലയിൽ സമ്പൂർണ്ണ വിജയമായിരുന്നു എന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലയിലെ 9 നിയോജക മണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബന്ദിന്റെ ഭാഗമായെന്ന് കെ എസ് യു ജില്ല പ്രസിഡന്റ് കെ എൻ നൈസാം സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ് എന്നിവർ അറിയിച്ചു.