കൊച്ചി : മഹാരാജാസ് കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ് യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിലുളളത്.
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് പുലർച്ചെ കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാസർ അബ്ദുൽ റഹ്മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞ് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായ് എത്തിയായിരുന്നു ആക്രമണം.