തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ഒരു ലോക്സഭാ അംഗത്തെ ലഭിച്ച അഭിമാന നേട്ടം ബിജെപി സ്വന്തമാക്കിയെങ്കിലും വയനാട് മത്സരിച്ച പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കെട്ടിവച്ച കാശുപോയി. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ ആറിലൊന്നു ലഭിച്ചില്ലെങ്കില്‍ കെട്ടിവച്ച തുക നഷ്ടപ്പെടുമെന്നതാണ് ചട്ടം. മണ്ഡലത്തില്‍ ബിജെപിക്ക് വോട്ടുവിഹിതം ഉയർത്താനായപ്പോഴാണ് ഈ ദുർവിധി. മണ്ഡലത്തില്‍ ആകെ 10.84 ലക്ഷം വോട്ടാണ് പോള്‍ ചെയ്തത്. ഇതില്‍ സുരേന്ദ്രന് 1,41,045 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
സുരേന്ദ്രനൊപ്പം കണ്ണൂർ, വടകര, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, ചാലക്കുടി, മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ കാശുപോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വൻഭൂരിപക്ഷം നല്കി വിജയിപ്പിച്ചെങ്കിലും രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും എന്നാണ് റിപ്പോർട്ടുകള്‍. റായ്ബറേലിയില്‍ തുടരാൻ തീരുമാനമായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ വയനാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയേക്കില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെ പരിഗണിച്ചേക്കും. രാഹുലിന് പകരക്കാരിയായി പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമെന്ന അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു.
പ്രായോഗിക കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പാർട്ടി രാഹുല്‍ ഗാന്ധിയോട് വയനാട് ഒഴിഞ്ഞ് റായ്ബറേലിയില്‍ തുടരാൻ നിർദ്ദേശിച്ചത്. ഇപ്പോള്‍ നേടിയ വിജയത്തിന്റെ അന്തരീക്ഷം രാഹുല്‍ വയനാട്ടില്‍ തുടർന്നാല്‍ പാർട്ടിക്ക് ലഭിക്കില്ലെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലും ഉയർന്നിരുന്നു.
ഉത്തർപ്രദേശില്‍ കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടുത്തിയതിന് കാരണം റായ്ബറേലിയിലെ മത്സരമാണെന്നാണ് യുപി നേതാക്കള്‍ പറയുന്നത്. അതുകൊണ്ട് പിസിസി നേതൃത്വവും രാഹുല്‍ യുപിയില്‍ തുടരണമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചത്. അതേസമയം, പ്രിയങ്ക വയനാട്ടില്‍ മത്സരിക്കില്ലെന്ന കാര്യത്തിലും തീരുമാനമുണ്ടായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെക്കൂടാതെ ആ കുടുംബത്തില്‍ നിന്നുള്ള മറ്റൊരു നേതാവ് ഈ സഭയിലേക്ക് വേണ്ടെന്ന തീരുമാനത്തെ തുടർന്നാണിത്. അതുകൊണ്ട് കേരളത്തില്‍ നിന്നുള്ള നേതാവിന് തന്നെയാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുക.
ഇതിനിടെ, തൃശൂരിലെ തോല്‍വിയെ തുടർന്ന് ഇടഞ്ഞ കെ മുരുളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും പൊതുപ്രവർത്തനത്തിനും തല്ക്കാലം ഇല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെ മുരളീധരൻ. പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുമെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തോറ്റതിനെ ചൊല്ലി തമ്മിലടി പാടില്ലെന്നും അതിലെ ശരിതെറ്റുകള്‍ പറഞ്ഞ് സംഘടന കൂടുതല്‍ തളരാൻ പാടില്ലെന്നും കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹ പറഞ്ഞു.
‘വടകരയില്‍ നിന്ന് മാറിയതില്‍ തെറ്റുകാരൻ ഞാൻ തന്നെയാണ്. പോവേണ്ട കാര്യം ഉണ്ടായിരുന്നില്ല. ഈ പാഠം ഇലക്ഷനില്‍ നിന്നുപഠിച്ചു. അവിടെ നിന്നോ ഇവിടെ നിന്നോ എന്നുപറഞ്ഞപ്പോള്‍ തല്ക്കാലം ഇല്ല എന്ന് പറയാൻ കാരണം അതാണ്.
പരമ്ബരാഗത വോട്ടുകളില്‍ വിള്ളലുണ്ടായി. ചില ആളുകള്‍ വിചാരിച്ചാല്‍ മാത്രം വോട്ട് കുറയില്ല. അന്വേഷണ കമ്മിഷൻ വേണ്ട. അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാവും. മാറി നില്ക്കുന്നതില് അച്ചടക്ക ലംഘനമുണ്ടെങ്കില്‍ ഇത്രയൊക്കെ അച്ചടക്കമേ തനിക്കുള്ളൂ. തിരഞ്ഞെടുപ്പിനെ നയിച്ചത് കെ സുധാകരനാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം തുടരണം. തമ്മിലടിയില്‍ നടപടി തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്. ബിജെപിയില്‍ പോവുന്നതിലും നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും വീടുണ്ടാവുമല്ലോ?’ അദ്ദേഹം പറഞ്ഞു.