കര്‍ഷകര്‍ നേരിടുന്ന നിരവധി വെല്ലുവിളികളും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുന്നതിനും പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമായി കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാതലത്തില്‍ മാര്‍ച്ച് 17 ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന കര്‍ഷകമഹാസംഗമത്തിന് മുന്നോടിയായുള്ള കര്‍ഷകയൂണിയന്‍ (എം) സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് നാളെ തൊടുപുഴയില്‍ തുടക്കമാവുന്നു. തൊടുപുഴ കെഎം മാണി നഗറിലാണ് (മാടപ്പറമ്പില്‍ റിവര്‍ ബാങ്ക്‌സ്) പ്രതിനിധി സമ്മേളനം നടക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയും കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളും സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയങ്ങളവും. ഇന്ന് 4 മണിക്ക് കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും. പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടന്‍ എം.പി, എംഎല്‍എമാരായ അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാര്‍ഷിക മേഖല ഇന്ന് അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച് പ്രഗല്‍ഭരായ വ്യക്തികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും കര്‍ഷക നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യും. വൈകിട്ട് 6.30 ന് കേരള സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ കാര്‍ഷിക മേഖലയുടെ സാധ്യതകളും പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനുമായ ടി കെ ജോസ് ഐഎഎസ് സെമിനാര്‍ നയിക്കും.
മാർച്ച് 11 ന് രാവിലെ 9.30ന് മലയോര കര്‍ഷകരുടെ അതിജീവന പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയ ആസ്പദമാക്കി സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം ജോസ് പാലത്തിനാലും. കേരള സെറാമിക്‌സ് ചെയര്‍മാന്‍ കെ ജെ ദേവസ്യയും സെമിനാര്‍ നയിക്കും. തുടര്‍ന്ന് 11. 30 മുതല്‍ കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില്‍ നബാര്‍ഡ് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാജി സക്കറിയ സെമിനാര്‍ നയിക്കും. നാളെ 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സര്‍ക്കാര്‍ ചീഫ് വിപ്പ്.ഡോ.എന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയും യോഗത്തില്‍ പങ്കെടുക്കും.