കോട്ടയം: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായിരുന്ന പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 25-ാം ദുഖ്‌റോനോ പെരുന്നാളും അനുസ്മരണവും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ 25-ാം വാര്‍ഷികാഘോഷവും മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ആദരിക്കലും 2024 ഫെബ്രുവരി 23നു കോട്ടയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ആചരിക്കും. വൈകുന്നേരം 5.15നു സന്ധ്യാനമസ്‌കാരം, ആറിനു വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാന – മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. മെത്രാപ്പോലീത്താമാരായ കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ്, കുറിയാക്കോസ് മാര്‍ ഈവാനിയോസ്, സഖറിയാസ് മാര്‍ പീലക്‌സിനോസ്, മാത്യൂസ് മാര്‍ തീമോത്തിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
7.30നു നടക്കുന്ന പൊതുസമ്മേളനം മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസ് അധ്യക്ഷതവഹിച്ചു ഉദ്ഘാടനം ചെയ്യും. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുസ്മരണപ്രഭാഷണവും സഭ വൈദീക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ അനുമോദന പ്രസംഗവും ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത മറുപടി പ്രസംഗവും നടത്തും. കോട്ടയം ഭദ്രാസന സെക്രട്ടറിയും രജത ജൂബിലി ജനറല്‍ കണ്‍വീനറുമായ ഫാ. ഷൈജു ജോസ് ചെന്നിക്കര, സഭ അത്മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, രജത ജൂബിലി കണ്‍വീനര്‍ റോയി മാത്യു എള്ളാലയില്‍ എന്നിവര്‍ പ്രസംഗിക്കും. ഭദ്രാസന മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായ്ക്കും സഭാ ഭാരവാഹികള്‍ക്കും ഉപഹാരം സമര്‍പ്പിക്കും. 8.30നു നേര്‍ച്ചവിളമ്പ്, ശ്രാദ്ധ സദ്യ എന്നിവ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാ. ഷൈജു ജോസ് ചെന്നിക്കര, റവ. കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ മണലേല്‍ച്ചിറ, റവ. മാത്യൂസ് കോര്‍എപ്പിസ്‌കോപ്പ കാവുങ്കല്‍, ഫാ. ജോസി ഏബ്രഹാം അട്ടച്ചിറയില്‍, റോയി മാത്യു എള്ളാലയില്‍, ഫാ. സോണി കടുങ്ങണിയിൽ, ഫാ. സോബിൻ എലിയാസ് അറയ്ക്കലോഴത്ത്, ഫാ. ജോബിൻ ഏബ്രഹാം മാടപ്പാട്ട്, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
യാക്കോബായ സുറിയാനി സഭ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റ്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തുടങ്ങിയ സ്ഥാനം വഹിച്ച ഡോ. ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത (പെരുമ്പള്ളി തിരുമേനി) കാലംചെയ്തിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. 1999 ഫെബ്രുവരി 22നു കാലംചെയ്ത മെത്രാപ്പോലീത്ത പെരുമ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 1974 ഫെബ്രുവരി 24നു മെത്രാപ്പോലീത്തായായി വാഴിക്കപ്പെട്ട പെരുമ്പള്ളി തിരുമേനി 1980 മുതല്‍ കോട്ടയം ഭദ്രാസന ഇടവക മെത്രാപ്പോലീത്തായായിരുന്നു. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റ്, സെക്രട്ടറി ചുമതലകള്‍ വഹിച്ചു. കോട്ടയത്തിനു പുറമേ മലബാര്‍, കൊച്ചി, കൊല്ലം, നിരണം, തുമ്പമണ്‍ തുടങ്ങിയ ഭദ്രാസനങ്ങളുടെ ചുമതലകളും നിര്‍വഹിച്ചു.
സഭയുടെ പ്രതിസന്ധി കാലഘട്ടത്തില്‍ വൈദീക വിദ്യാഭ്യാസത്തിനു പെരുമ്പള്ളി മോര്‍ യൂലിയോസ് സെമിനാരി സ്ഥാപിച്ചു. നിരവധി സ്‌കൂളുകള്‍, ആശുപത്രി എന്നിവ ആരംഭിച്ചു. കോട്ടയം ഭദ്രാസന ആസ്ഥാനവും കോട്ടയം സെന്റ് ജോസഫ്‌സ് കത്തീഡ്രലും അദ്ദേഹം സ്ഥാപിച്ചതാണ്. നിരവധി ആരാധന ഗീതങ്ങള്‍ രചിക്കുകയും ഈണം നല്‍കുകയും ചെയ്തു. പരിശുദ്ധ ദൈവമാതാവിനോടുള്ള ആഴമായ ഭക്തിമുഖാന്തരം നിരവധി മരിയഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഇമ്പകരമായ ഗാനാലാപനങ്ങള്‍കൊണ്ടും ശ്രുതി മാധുര്യ ആരാധനകള്‍ കൊണ്ടും വിശ്വാസികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ പെരുമ്പള്ളി തിരുമേനി 300ല്‍പ്പരം പേര്‍ക്ക് വൈദീകപട്ടവും നല്‍കി. യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയായി ഡോ. തോമസ് മാര്‍ തീമോത്തിയോസ് തിരുമേനി സ്ഥാനാരോഹണം ചെയ്തിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. ഡോ. ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത (പെരുമ്പള്ളി തിരുമേനി) കാലംചെയ്ത ഒഴിവിലാണു മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത കോട്ടയം ഭദ്രാസനത്തിന്റെ ചുമതലയേറ്റെടുക്കുന്നത്.
1991 ജനുവരി മൂന്നിനു വെട്ടിക്കല്‍ എംഎസ്ഒടി സെമിനാരിയില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായാണ് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്നപ്പോള്‍ 50ല്‍പ്പരം പള്ളികള്‍ സ്ഥാപിച്ചു. മുംബൈ, ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ സ്ഥാപിക്കാനായത് മെത്രാപ്പോലീത്തായുടെ ശ്രമഫലമാണ്. നിരവധി മിഷന്‍ സെന്ററുകളും അതിനോടു ചേര്‍ന്നു തൊഴില്‍ വിദ്യാഭ്യാസകേന്ദ്രങ്ങളും ആരംഭിച്ചു. വൈദീക സെമിനാരി അധ്യാപകനായിരുന്നു. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്‌സിലറി പ്രസിഡന്റ്, നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ വൈസ്പ്രസിഡന്റ്, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്‌സ് അസംബ്ലി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ‘നാഹിറോ’ എന്ന ബഹുമതി നല്‍കി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ആദരിച്ചു. ആശ്രയ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെന്റര്‍, കോട്ടയം കഞ്ഞിക്കുഴി സിറിയന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സെന്റര്‍, വെല്ലൂര്‍ സാന്ത്വന ഗൈഡന്‍സ് ആ ന്‍ഡ് കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആരംഭിച്ചു.