പാലക്കാട്: കുടുംബശ്രീ യൂണിറ്റിന് ഓഫ് സെറ്റ് പ്രിന്റിംഗ് മെഷീൻ വാങ്ങാനെന്ന പേരിൽ വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സിഡിഎസ് ചെയർപേഴ്സണ് കഠിന തടവ് വിധിച്ച് വിജിലൻസ് കോടതി. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സനായിരുന്ന കെ.ആർ.ലതയെ ആണ് തൃശൂർ വിജിലൻസ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി 3 വർഷം കഠിന തടവിനും 75,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
വ്യാജമായി ഒരു കുടുംബശ്രീ യൂണിറ്റിന് ഓഫ് സെറ്റ് പ്രിന്റിംഗ് മെഷീൻ വാങ്ങാനെന്ന പേരിൽ സി.ഡി.എസിന്റെ അക്കൗണ്ടിൽ നിന്നും 1,50,000 രൂപ വെട്ടിച്ചതിനാണ് ശിക്ഷ. 2004-ൽ പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സനായിരുന്ന കെ.ആർ.ലതയും, സി.ഡി.എസ് ചാർജ്ജ് ഓഫീസറായ എൽ.ഡി ക്ലാർക്കും, സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയും ചേർന്നാണ് പണം തട്ടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു കുടുംബശ്രീ യൂണിറ്റിന് ഓഫ് സെറ്റ് പ്രിന്റിംഗ് മെഷീൻ വാങ്ങാനെന്ന പേരിൽ രേഖകളിൽ കൃത്രിമം കാണിച്ച്, കുലുക്കല്ലൂർ സി.ഡി.എസ് ചാർജ് ഓഫീസറുടെയും ചെയർപേഴ്സന്റെയും ജോയിന്റ് അക്കൗണ്ടിൽ നിന്നും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണം തട്ടിയത്.
സ്ഥാപന ഉടമയുടെ പേരിൽ 1.5 ലക്ഷം മാറി നൽകുകയും, പ്രിന്റിംഗ് മെഷീൻ കുടുംബശ്രീക്ക് നൽകാതെ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും പാലക്കാട് വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ കണ്ടെത്തി. വിവിധ വകുപ്പുകളിലായി ആകെ 3 വർഷം കഠിന തടവിനും 75,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് തൃശൂർ വിജിലൻസ് കോടതി പ്രതിയായ കെ.ആർ.ലതയെ ശിക്ഷിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. മറ്റ് രണ്ട് പ്രതികളായ കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് ചാർജ് ഓഫീസറായിരുന്ന എൽഡി ക്ലാർക്കും, സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയും മരണപ്പെട്ടു പോയതിനാൻ ശിക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.