കൊച്ചി: കുണ്ടറ ആലീസ് വർഗീസ് വധക്കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതി പാരിപ്പള്ളി സ്വദേശി ഗിരീഷ്കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതേവിട്ടു. ഗിരീഷിന് (45) സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വധശിക്ഷ നടപ്പാക്കാൻ സർക്കാർ നല്കിയ അപേക്ഷ തള്ളിയും പ്രതിയുടെ അപ്പീല്‍ അനുവദിച്ചുമാണ് കോടതിയുടെ നടപടി.
പ്രതിയുടെ പങ്കിന് യാതൊരു തെളിവുമില്ലാത്ത കേസില്‍ 10 വർഷത്തിലധികം ജയിലില്‍ കഴിയേണ്ടിവന്നെന്നും ഇതിലേറെക്കാലവും മരണഭയം വേട്ടയാടിയെന്നും കോടതി പറഞ്ഞു. സമാനതകളില്ലാത്ത ജീവിതദുരിതമാണ് ഹർജിക്കാരൻ അനുഭവിച്ചത്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. വെറുതേവിട്ടതുകൊണ്ടു മാത്രം ഇതിന് പരിഹാരമാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് നഷ്ടപരിഹാരം വിധിച്ചത്. തുക മൂന്നുമാസത്തിനകം സർക്കാർ കൈമാറണം. വൈകിയാല്‍ 9 ശതമാനം പലിശയടക്കം നല്‍കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2013 ജൂണ്‍ 11നാണ് ആലീസ് കൊല്ലപ്പെട്ടത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിനെ ആഭരണങ്ങള്‍ കൈവശപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തുമുറിച്ചു കൊന്നെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ദിവസങ്ങള്‍ക്കു മുമ്ബ് ജയിലില്‍ നിന്നിറങ്ങിയ ഗിരീഷിനെ സംശയിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായും വിശദീകരിച്ചിരുന്നു. മോഷ്ടിച്ച ആഭരണങ്ങളും സിംകാർഡുകളും കൊലയ്ക്കുപയോഗിച്ച കത്തിയുമെന്ന പേരില്‍ തൊണ്ടി മുതലും ഹാജരാക്കി. സാഹചര്യത്തെളിവുകളില്‍ നിന്ന് ഗിരീഷാണ് കുറ്റം ചെയ്തതെന്ന് വ്യക്തമാണെന്നും ഇയാള്‍ ക്രിമിനല്‍ സ്വഭാവമുള്ള ആളാണെന്നും മറ്റുമായിരുന്നു വാദം.