കോട്ടയം: കുടുംബശ്രീ ജില്ലാമിഷൻ നടത്തുന്ന ജില്ലാതല കലോത്സവം അരങ്ങ് വ്യാഴം, വെള്ളി (മേയ് 30, 31) തീയതികളിലായി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ജില്ലയിലെ ബ്ലോക്ക് ക്ലസ്റ്റർ തലത്തിൽ മത്സരിച്ചു വിജയിച്ചവരാണ് ജില്ലാതലത്തിൽ മത്സരിക്കുന്നത്. എ.ഡി.എസ്സ്. (വാർഡ്) തലത്തിലും തുടർന്ന് സി.ഡി.എസ്. (പഞ്ചായത്ത്) തലത്തിലും വിജയിച്ചവരാണ് ക്ലസ്റ്റർ തലത്തിൽ മാറ്റുരച്ചത്. ജൂൺ 7, 8, 9 തീയതികളിൽ കാസർഗോഡ് ജില്ലയിലെ പിലിക്കോട് നടക്കുന്ന സംസ്ഥാനതല ‘അരങ്ങ്’ കലോത്സവത്തിൽ ജില്ലയിലെ വിജയികൾ പങ്കെടുക്കും. 56 മത്സരയിനങ്ങൾ ആണ് അരങ്ങിൽ നടത്തുന്നത്. അയൽക്കൂട്ട അംഗങ്ങൾ, യുവതികൾക്കായുള്ള പുതിയ കൂട്ടായ്മ ‘ഓക്സിലറി ഗ്രൂപ്പ്’ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. മേയ് 30 ന് സ്റ്റേജിതര മത്സരങ്ങളും മേയ് 31 ന് സ്റ്റേജ് മത്സരങ്ങളും നടത്തും.