തിരുവനന്തപുരം: കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍ പിടിച്ചുനില്ക്കാൻ പാടുപെടുന്നു. സർക്കാർ സബ്സിഡി നിരക്കില്‍ നല്‍കിയിരുന്ന അരി നിർത്തലാക്കിയതോടെയാണ് പ്രതിസന്ധി കടുത്തത്.ആദ്യം ഊണിനു സർക്കാർ നല്‍കിവന്ന 10 രൂപ സബ്സിഡി നിർത്തലാക്കിയതിനു പിന്നാലെയാണ് സംസ്ഥാന സബ്സിഡി വിലയ്ക്ക് നല്‍കിയിരുന്ന അരിയും നിർത്തലാക്കിയത്. അരിവില ഇങ്ങനെ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ പൂട്ടേണ്ട ഗതിയിലാണ് സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍.
കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലായി ഇപ്പോഴത്തെ അരി വില. ഇതു വാങ്ങി വേണം 30 രൂപയ്ക്ക് ഊണ് വിളമ്ബാൻ. പണമടച്ചു വാങ്ങാൻ എത്തിയപ്പോഴാണ് സബ്സിഡി അരി നിർത്തലാക്കിയെന്ന് ഇവർ അറിയുന്നത്. കഴിഞ്ഞ വർഷം നിർത്തലാക്കിയ ഊണിന്റെ സബ്സിഡി ഇനത്തിലും കിട്ടാനുണ്ട് ലക്ഷങ്ങള്‍. ഇതോടെ കടത്തിന് മുകളില്‍ കടത്തിലാണിവർ. പച്ചക്കറിക്കും പലചരക്കിനും മീനിനും എല്ലാം വില കുതിക്കുകയാണ്. ഈ അവസ്ഥയില്‍ സംരംഭം നടത്തികൊണ്ട് പോകാൻ പറ്റാത്ത സ്ഥിതിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരിയുടെ പ്രതിസന്ധി അറിയിച്ചപ്പോള്‍ ഊണിനു വിലകൂട്ടാനാണ് നിർദ്ദേശം കിട്ടിയത്. സാധാരണക്കാരന് ഇത് താങ്ങാനാവില്ലെന്ന് ജനകീയ ഹോട്ടല്‍ ജീവനക്കാരി സുഹറ പറയുന്നു. വില കൂട്ടി ലാഭം കൊയ്യണമെന്ന് ഇവരാരും ആഗ്രഹിക്കുന്നില്ല. അന്നന്നത്തെ അന്നത്തിനു വേണ്ടിയാണ് സംരംഭം..ഈ നില പോയാല്‍ ജനകീയ ഹോട്ടലില്‍ ഊണു വിളമ്ബണമെങ്കില് സ്വന്തം വീട് പട്ടിണിയാക്കേണ്ടി വരുമെന്ന ഗതികേടിലാണിവർ. ഉപ്പ് തൊട്ട് കർപ്പൂരം വരെയുളളവയ്ക്ക് വില കൂടുകയാണ്. ഈ സാഹചര്യത്തില്‍ സർക്കാർ സബ്സിഡി കൂടെയില്ലെങ്കില്‍ ജനകീയ ഹോട്ടലുകള്‍ കടം വന്ന് പൂട്ടുക തന്നെ ചെയ്യും.