തിരുവനന്തപുരം : ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതി തൊട്ടു പിറ്റേന്ന് ഉദ്ഘാടനം ചെയ്ത് കുടുംബശ്രീ. മൂന്നു ലക്ഷം വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന കെ-ലിഫ്റ്റ് പദ്ധതി (കുടുംബശ്രീ ലൈവ്ലിഹുഡ് ഇനിഷ്യേറ്റിവ് ഫോര്‍ ട്രാന്സ്ഫോര്മേഷന്)യുടെ ഉദ്ഘാടനമാണ് ചൊവ്വാഴ്ച തലസ്ഥാനത്ത് നടന്നത്.സംരംഭത്തിന് തുടക്കം കുറിച്ച് മന്ത്രി എം.ബി. രാജേഷ് ഇക്കാര്യം അടിവരയിടുകയും ചെയ്തു. ബജറ്റില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിക്ക് തൊട്ടടുത്ത ദിവസം തുടക്കമിടാന്‍ കഴിയുന്ന ഒരേയൊരു പ്രസ്ഥാനവും കുടുംബശ്രീ മാത്രമാണെന്നായിരുന്നു രാജേഷിന്റെ പരാമർശം.
തിരികെ സ്കൂളില്‍’ കാമ്ബയിനില്നിന്ന് ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ട് നടപ്പാക്കുന്ന കെ-ലിഫ്റ്റ് പദ്ധതി കേരളത്തിന്റെ സാമൂഹിക രംഗത്ത് പുതുചരിത്രം സൃഷ്ടിക്കും. ഒരു വര്‍ഷം കൊണ്ട് മൂന്നുലക്ഷം വനിതകള്‍ക്ക് തൊഴില്‍ നല്കാന് കഴിയുന്നതിലൂടെ 2025ല്‍ മറ്റൊരു ലോക റെക്കോഡ് ലഭിക്കുന്ന പദ്ധതിയായി കെ-ലിഫ്റ്റ് 24 മാറട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വഴുതക്കാട് ഉദയ് പാലസ് കണ്വെന്ഷൻ സെന്ററില്‍ നടന്ന കുടുംബശ്രീ സംഘടിപ്പിച്ച തിരികെ സ്കൂള്‍ കാമ്പയിനിന്റെ സമാപന ചടങ്ങിലായിരുന്നു കെ-ലിഫ്റ്റിന്റെ ഉദ്ഘാടനം.
മൂന്നു ലക്ഷം വനിതകള്‍ക്ക് പദ്ധതിയിലൂടെ സുസ്ഥിര വരുമാനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് കെ-ലിഫ്റ്റ് നടപ്പാക്കുന്നത്. ഒരു അയല്‍ക്കൂട്ടത്തില്‍ നിന്ന് ചുരുങ്ങിയത് ഒരു സംരംഭം അല്ലെങ്കില്‍ തൊഴില്‍ എന്ന കണക്കില്‍ ഉപജീവനമാര്‍ഗം സൃഷ്ടിച്ച് അംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും വരുമാനം ഉറപ്പുവരുത്തലാണ് ലക്ഷ്യം.
1070 സി.ഡി.എസുകള്ക്ക്കീഴിലായി 3,16,860 അയല്‍ക്കൂട്ടങ്ങളാണ് നിലവിലുള്ളത്. ഇത്രയും വനിതകള്‍ക്ക് ഉപജീവനമാര്ഗമൊരുക്കുന്നതിലൂടെ ഈ കാമ്ബയിന് കേരളത്തിന്റെ ദാരിദ്ര്യനിര്‍മാജന രംഗത്ത് പുതിയ നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ.