കോട്ടയം: കുമരകം റോഡിൽ കോണത്താറ്റ് പാലത്തിൽ വാഹാനാപകടം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇതു വഴി വന്ന വാഹനം പാലത്തിലിടിച്ചാണ് അപകടം നടന്നത്. പാലത്തിന്റെ പടിഞ്ഞാറേ അപ്രോച്ചിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്ന വാഹനത്തിൽ പിന്നാലെ വന്ന ടിപ്പർ ലോറിയും ഇടിച്ചു. തുടർന്ന് കാറിന് മുൻപിലും പിന്നിലുമായി സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അർത്തുങ്കൽ നിന്നും കോട്ടയത്തേയ്ക്ക് വന്ന പൊൻകുന്നം സ്വദേശികളായ അമ്മയും മകനും യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ പരിക്കില്ലാതെ രക്ഷപെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് നിയന്ത്രണം വിട്ട് വാഹനം അപകടത്തിൽ പെട്ടത്. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
കോണത്താറ്റ് പാലത്തിന് സമീപം അപകടങ്ങൾ തുടർക്കഥയാവുകയാണ്. റോഡിലെ തിരക്കും കോണത്താറ്റ് പാലത്തിന്റെ വീതിയില്ലായ്മയുമാണ് പ്രധാന പ്രശ്നം. പുതിയ പാലം നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്. പകരം സഞ്ചാര സൗകര്യമൊരുക്കി കഴിഞ്ഞു. തോട്ടിലെ നീരൊഴുക്കിന് തടസ്സമുണ്ടാകാതെ ഭീമൻ തൂമ്പുകൾ വച്ച്, മണ്ണിട്ട് വഴിയുണ്ടാക്കിയെങ്കിലും പാലം പൊളിയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. അപകടങ്ങൾ വർദ്ധിച്ചു വരുന്നത് കണക്കിലെടുത്ത് എത്രയും വേഗം പാലം നിർമ്മാണം ആരംഭിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.