കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവിനെ പുറത്താക്കി; നിക്ഷേപകര്‍ ബാങ്കില്‍ അടക്കാന്‍ ഏല്‍പ്പിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്തു; പുറത്താക്കിയത് മുന്‍പും സമാനരീതിയിലുള്ള തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട സിപിഎം ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗത്തിനെ

കോട്ടയം: കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവിനെ ബാങ്ക് പുറത്താക്കി. ഇടപാടുകാരെ തട്ടിച്ചു ലക്ഷങ്ങള്‍ അടിച്ചു മാറ്റിയെന്നു പരാതി ഉയര്‍ന്നതോടെയാണ് നടപടി.
സിപിഎം ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ ഇയാള്‍ 10 വര്‍ഷക്കാലം കുമാരനല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയും ദീര്‍ഘകാലമായി ബാങ്കില്‍ കളക്ഷന്‍ ഏജന്റായി ജോലി നോക്കി വരുന്നയാളുമാണ്.

Advertisements

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിക്ഷേപകനില്‍ നിന്നും തുക തട്ടിയതാണ് അംഗത്തിന് വിനയായത്. നിക്ഷേപകന്‍ ആറു മാസം മുന്പ് എടുത്ത വായ്പയില്‍ ബാക്കി തിരിച്ചടയ്ക്കാനുണ്ടായിരുന്ന 60,000 രൂപ ബാങ്കിന്റെ രസീത് വാങ്ങി നേതാവിന്റെ കൈയില്‍ തിരിച്ചടവിനായി ഏല്പിച്ചിരുന്നു. ഇയാള്‍ ഈ തുക ബാങ്കില്‍ അടയ്ക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ആറു മാസത്തിനുശേഷം നിക്ഷേപകന്‍ മറ്റൊരു ലോണിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് താന്‍ ബാങ്കില്‍ അടയ്ക്കുവാന്‍ കളക്ഷന്‍ ഏജന്റിനെ ഏല്പിച്ച തുക ബാങ്കില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരമായ തട്ടിപ്പ് നടത്തിയ നേതാവിനെ സംരക്ഷിക്കുന്ന ബാങ്ക് – ഭരണസമിതിയോട് താന്‍ അടച്ച 60,000 രൂപ ഇയാള്‍ തട്ടിയെടുത്തു എന്നും നേതാവിനെതിരെ പോലീസ് കേസ് എടുത്തു അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പരാതി ഒതുക്കി തീര്‍ക്കാനായി വലിയ ഒരു ലോണ്‍ അനുവദിച്ച് നിക്ഷേപകനെ വിഷയത്തില്‍നിന്നു പിന്‍തിരിപ്പിക്കാനാണ് ബാങ്ക് ഭരണാധികാരികള്‍ ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്. പ്രതിഷേധം ശക്തമായതോടെ നേതാവിന്റെ കൈയ്യില്‍ വായ്പാ തിരിച്ചടവ് തുക ഏല്പിച്ച മുഴുവന്‍ നിക്ഷേപകര്‍ക്കും ബാങ്കില്‍ നേരിട്ടെത്തി തിരിച്ചടവ് തുക ഒത്തുനോക്കണമെന്നാവശ്യപ്പെട്ടു കത്തയച്ചിരുന്നു. ബാങ്കിലെത്തിയ നിക്ഷേപകരുടെ അന്വേഷണത്തില്‍ 25 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു.

ഇതേ കുറ്റത്തിന് മുന്പും പല തവണ ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ ബാങ്കിലെ ജോലിയില്‍നിന്നു പുറത്താക്കി. സാമ്പത്തിക തട്ടിപ്പിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളെയും സഹകാരികളെയും സംഘടിപ്പിച്ചു ജനകീയ സമരം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.

കളക്ഷന്‍ ഏജന്റിനെ പുറത്താക്കിയ സംഭവത്തില്‍ ഇടപാടുകാര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ബാങ്കിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് കെ.ആര്‍. ചന്ദ്രമോഹന്‍ അറിയിച്ചു. മൂന്നു പതിറ്റാണ്ടുകളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കാണെന്നും 170 കോടി രൂപയുടെ നിക്ഷേപം ബാങ്കിനുണ്ടെന്നും പ്രസിഡന്റ് കെ.ആര്‍. ചന്ദ്രമോഹന്‍ അറിയിച്ചു.

Hot Topics

Related Articles