തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കി.തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും പട്ടികയിലുണ്ട്. പത്തനംതിട്ടയില്‍ പിസി ജോർജ്ജും മകൻ ഷോണ്‍ ജോർജ്ജും പരിഗണനയിലാണ്. എറണാകുളത്ത് അനില്‍ ആൻറണിക്കൊപ്പം കിറ്റെക്സ് എംഡി സാബു ജേക്കബിനെയും പരിഗണിക്കുന്നു. പ്രധാനമന്ത്രിയുടെയും നിർമ്മലാ സീതാരാമൻറെയും വരെ പേരുകള്‍ പറഞ്ഞുകേട്ടിരുന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം. കഴിഞ്ഞ തവണ രണ്ടാമത് എത്തിയ പാർട്ടി ഏറ്റവും പ്രധാന്യം നല്‍കുന്ന തലസ്ഥാന നഗരത്തിന്റെ പട്ടികയില്‍ ഇപ്പോള്‍ മുൻപന്തിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് ഉള്ളത്. കുമ്മനം രാജശേഖരനെ കൊല്ലത്തും പരിഗണിക്കുന്നുണ്ട്. ഒപ്പം ശോഭാ സുരേന്ദ്രൻറെയും ബിബി ഗോപകുമാറിൻറെയും പേരുകളും കൊല്ലത്തുണ്ട്.
അടുത്തിടെ പാർട്ടിയില്‍ ചേർന്ന പിസി ജോർജ്ജും മകൻ ഷോണും പത്തനംതിട്ടയിലെ പട്ടികയിലുണ്ട്. അവിടെയും പരിഗണന ലിസ്റ്റില്‍ കുമ്മനം രാജശേഖരൻ ഉണ്ട്. കോഴിക്കോട് എംടി രമേശ്, ശോഭാ സുരേന്ദ്രൻ, പ്രഫുല്‍ കൃഷ്ണൻ. വയനാട്ടില്‍ പ്രഥമ പരിഗണന ശോഭ സുരേന്ദ്രനാണ്. എറണാകുളത്ത് അനില്‍ ആൻറണി, കിറ്റെക്സ് എംഡി സാബു ജേക്കബ്, വിനീത ഹരിഹരൻ എന്നിവരാണ് പരിഗണനയിലുള്ളത്. ആലപ്പുഴയിലും അനില്‍ ആൻറണിയുടെ പേരുണ്ട്. കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസൻറെ ഭാര്യ ലിഷ രഞ്ജിതിൻറെ പേര് ആലപ്പുഴയില്‍ പരിഗണിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേജർ രവി, എ.എൻ രാധാകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ എന്നീ പേരുകളാണ് ചാലക്കുടിയിലെ പരിഗണനയില്‍. കാസർകോട് പികെ കൃഷ്ണദാസിനാണ് മുൻതൂക്കം. കോണ്‍ഗ്രസ് വിട്ട് വന്ന സി രഘുനാഥ് കണ്ണൂരില്‍ നിന്ന് മത്സരിക്കും. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനും സീറ്റുകള്‍ ഉറപ്പിച്ചു. പാലക്കാട് സി കൃഷ്ണകുമാറും സ്ഥാനാർത്ഥിയായേക്കും. സംസ്ഥാന പ്രസിഡണ്ടും ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ച ഇന്ന് രാത്രി നടക്കും. ഈ ചർച്ചയില്‍ പേരുകള്‍ക്ക് അന്തിമരൂപം നല്‍കും. ഈ മാസം 29ന് തെരഞ്ഞെടുപ്പ് സമിതി ചേർന്ന് ദേശീയ തലത്തില്‍ ആദ്യ പട്ടിക പ്രഖ്യാപിക്കുമ്ബോള്‍ അതില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരും ഉണ്ടാകും.