ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് മാസം പ്രായമുള്ള ചീറ്റ ചത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആഫ്രിക്കൻ ചീറ്റയായ ഗമിനിയുടെ ആറ് കുഞ്ഞുങ്ങളിൽ ഒന്നാണ് ചത്തത്. നട്ടെല്ലിന് പരിക്കേറ്റ് ശരീരം ഉയർത്താൻ പറ്റാത്ത നിലയിലാണ് ചീറ്റക്കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
‘ജൂലൈ 29 തിങ്കളാഴ്ച രാവിലെ ചീറ്റയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും ഉടനെ അടിയന്തര ചികിത്സ നൽകുകയും ചെയ്തു. പക്ഷേ, നിർഭാഗ്യവശാൽ കുഞ്ഞ് ചത്തു. വൈകുന്നേരം ആഫ്രിക്കൻ ചീറ്റകളെ പതിവായി നിരീക്ഷിക്കുന്നതിനിടയിൽ, ഗമിനിയുടെ അഞ്ച് കുഞ്ഞുങ്ങളിൽ ഒന്നിന്റെ ശരീരത്തിൻ്റെ പിൻഭാഗം ഉയർത്താൻ കഴിയാത്തതായി ഉദ്യോഗസ്ഥർ കണ്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതൽ നിരീക്ഷണം നടത്തിയപ്പോൾ കുട്ടിയുടെ പിൻഭാഗം മുഴുവൻ വലിച്ചിഴയ്ക്കുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ചീറ്റ കുഞ്ഞിൻ്റെ നട്ടെല്ലിന് ഒടിവുണ്ടായതായി പരിശോധനയിൽ കണ്ടെത്തി’, എപിസിസിഎഫ് (അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്), ഡയറക്ടർ ലയൺ പ്രോജക്ട് പുറത്തിറക്കിയ പ്രസ്താവനയില് പറഞ്ഞു.
ആഫ്രിക്കൻ ചീറ്റയായ ഗമിനി ഈ വർഷം മാർച്ചിൽ ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. എന്നാൽ, ഇവരിൽ ഒരാൾ ജൂൺ നാലിന് ചത്തിരുന്നു. ഗമിനിയുടെ നാല് ചീറ്റക്കുട്ടികൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കുനോ നാഷണൽ പാർക്കിൽ ഇപ്പോൾ 13 മുതിർന്ന ചീറ്റകളും 12 കുഞ്ഞുങ്ങളുമാണ് അവശേഷിക്കുന്നത്.
അവരുടെ ആരോഗ്യനില സാധാരണഗതിയിലാണെന്നാണ് റിപ്പോർട്ട്. എല്ലാ ചീറ്റകളേയും പതിവായി നിരീക്ഷിക്കുന്നുണ്ടെന്ന് ലയൺ പ്രോജക്ട് കൂട്ടിച്ചേർത്തു. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണകാരണം ഇതുവരെ അറിവായിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇത് അറിയാനാകൂവെന്ന് ലയൺ പ്രോജക്ട് അറിയിച്ചു.